ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഭീതിയില്‍ സി.പി.എമ്മും സി.പി.ഐയും

22

ന്യൂഡല്‍ഹി: കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കാനിരിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കില്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും. ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങള്‍ കൈവിട്ട പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥിതിയും മൃതാവസ്ഥയിലാണ്. കൊലപാതക രാഷ്ട്രീയവും ജനദ്രോഹപരമായ ഭരണവും മൂലം കേരളത്തില്‍ ഇപ്പോള്‍ കടുത്ത ഇടതുവിരുദ്ധ തരംഗമാണ് നിലനില്‍ക്കുന്നത്. അതിനിടെ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പൊളിയുക കൂടി ചെയ്തതോടെ ഈ ആശങ്ക പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. 35 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എം ഇപ്പോള്‍ അവിടെ തൃണമൂലിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്.

ഫാസിസത്തിനെതിരെ ഞങ്ങളാണെന്ന് വീരവാദം മുഴക്കുന്നവര്‍ക്ക് ദേശീയ പാര്‍ട്ടി എന്ന അടിത്തറ പോലും നഷ്ടപ്പെട്ടേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കാന്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളാണ് ഉള്ളത്.1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എം.പിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എം.പിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി. ഈ മൂന്ന് മാനദണ്ഡങ്ങളും നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിന് പ്രതീക്ഷക്ക് വക നല്‍കാത്തതാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര എം.പിമാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സി.പി.എം ദേശീയ പാര്‍ട്ടി പദവിക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ സി.പി.ഐക്ക് ഈ മാനദണ്ഡം കൃത്യമായി പാലിക്കാനായിട്ടില്ല. ഇതിനിടെ ദേശീയ പാര്‍ട്ടി പദവിയുടെ ചട്ടം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി അവസരം നല്‍കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ സീറ്റ് കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി ഇരുപാര്‍ട്ടികള്‍ക്കും വെറും സ്വപ്നമായി മാറും.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നടത്തിയ നീക്കു പോക്കുകള്‍ തകര്‍ന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയായി. ത്രിപുരയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഏറ്റ തിരിച്ചടിയും കാര്യങ്ങളുടെ മലക്കം മറിച്ചു.