ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സേവനം നിര്‍ത്തണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്

26

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സേവനം ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി അവസാനിപ്പിക്കും. സ്‌പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് ഇന്നത്തോടെ സേവനം നിര്‍ത്തുന്നത്. കേന്ദ്രസിവില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എത്യോപ്യയിലെ അഡിസ് അബാബക്കു സമീപം ഞായറാഴ്ച്ച യാത്രാവിമാനം തകര്‍ന്ന് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി.

സേവനം നിര്‍ത്തുന്നതോടെ 75 വിമാനങ്ങള്‍ സ്വന്തമായുള്ള സ്‌പൈസ് ജെറ്റിന്റെ സേവനങ്ങള്‍ 62 ആയി ചുരുങ്ങും. ഉത്തരവിനെ ആദ്യം സ്‌പൈസ് ജെറ്റ് എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഡല്‍ഹിയില്‍ ഇന്ത്യയിലെ എല്ലാ എയര്‍ലൈന്‍സ് സേവനദാതാക്കളുടെയും അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം.

ഇന്ത്യക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, സൗത്ത് കൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 ന്റെ സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ വിമാനത്തില്‍ യാത്ര ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കായി മറ്റുവിമാനങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് എയര്‍ലൈന്‍സ് കമ്പനികൾ▪