കോണ്‍ഗ്രസിന്റെ പ്രതീക്ഷ പൂവണിയണം

24

അടുത്തമാസം നടക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ 1984ലേതിനെ അപേക്ഷിച്ച് 44 സീറ്റുകളോടെയാണ് പലവിധ കാരണങ്ങളാല്‍ മുപ്പതു വര്‍ഷത്തിനുശേഷം 2014ല്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതുമൂലമുണ്ടായ കെടുതികളും ദുരിതങ്ങളും അപരിമേയമാണ്. ജനങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ ഏതുവിധേനയും തൂത്തെറിയുന്നതിന് കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്ന അഭിലാഷമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം രാജ്യത്തെ മുച്ചൂടും സാമ്പത്തികമായും സാമൂഹികമായും അപകടത്തിലാക്കിയിരിക്കുന്നു. ഓരോ ഭാരതീയനും എരിതീയില്‍ കഴിയേണ്ട അവസ്ഥ സംജാതമാക്കിയത് ദീര്‍ഘദൃഷ്ടിയില്ലാത്ത നരേന്ദ്ര മോദിയുടെ ഭരണ കര്‍തൃത്വവും ബി.ജെ.പി അണികളുടെ തീവ്രവര്‍ഗീയ നടപടികളുംമൂലമാണ്. മത ന്യൂനപക്ഷങ്ങള്‍ക്കും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ജീവിക്കാന്‍കൂടി വയ്യാത്ത അവസ്ഥ. പൗരന്മാര്‍ ബീഫിന്റെ പേരില്‍ വഴിയരികില്‍ ഏതുനിമിഷവും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആലോചിക്കാന്‍പോലും വയ്യാതായിരിക്കുന്നു.
ജനനേതൃത്വം നെഞ്ചേറ്റിക്കൊണ്ട് അവധൂതന്മാരെപോലെ അക്ഷീണമായ പ്രവര്‍ത്തനമാണ് രാഹുല്‍ഗാന്ധിയും മാതാവ് സോണിയാഗാന്ധിയും സഹോദരി പ്രിയങ്കയും ഈ ഘട്ടത്തില്‍ കാഴ്ചവെക്കുന്നത്. എങ്കിലും രാജ്യത്ത് ഏറ്റവും വലിയ ലോക്‌സഭാ അംഗസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ രണ്ടംഗ സംഖ്യ രാജ്യത്ത് മതേതര സര്‍ക്കാര്‍ സാധ്യമാക്കുമോ എന്ന ആശങ്ക ഉയര്‍ത്തിനിര്‍ത്തുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും അവിടെ കോണ്‍ഗ്രസില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ബി.ജെ.പിക്കെതിരെ ഒരുമിപ്പിക്കുന്നതിന് തടസ്സമാകും. അംഗസംഖ്യകൊണ്ട് രണ്ടാമത്തെ വലിയ സംസ്ഥാനമായ പശ്ചിമബംഗാളില്‍ വലിയ ശക്തിദുര്‍ഗമായി മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിലകൊള്ളുകയാണ്. ബീഹാറിലും കോണ്‍ഗ്രസിന് കാര്യമായ ചലനം സൃഷ്ടിക്കാനാകില്ലെന്ന വിലയിരുത്തലാണുള്ളത്. ഈ സാഹചര്യത്തിലാണ് യു.പിയിലെ അമേഠിക്കുപുറമെ വയനാട്ടില്‍നിന്നും രാഹുല്‍ ജനവിധി തേടുന്നത് സംഗതമാകുന്നത്. കേരളത്തില്‍ 20ഉം തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമടക്കം 40ഉം കര്‍ണാടകത്തില്‍ 28ഉം ഉള്‍പ്പെടെ 88 സീറ്റുകളാണ് മൊത്തമുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തിലായ കോണ്‍ഗ്രസും മുസ്‌ലിംലീഗും സി.പി.എമ്മുംചേര്‍ന്ന് 40ല്‍ 40ഉം നേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളപ്പോള്‍ കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്ന് ഏതാണ്ട് മുഴുവന്‍ സീറ്റുകളും നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. രാഹുലിന്റെ സാന്നിധ്യമുണ്ടായാല്‍ കേരളത്തില്‍ യു.ഡി.എഫിന് 20ല്‍ 20ഉം നേടാനാകും. ആന്ധ്രപ്രദേശും തെലുങ്കാനയും ചേര്‍ന്ന് 100ലധികം സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍നിന്നുമാത്രം നേടാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞാല്‍ അത് ജനം ആഗ്രഹിക്കുന്ന രീതിയിലുള്ള മതേതര സര്‍ക്കാരിന്റെ മടങ്ങിവരവിന് വഴിമരുന്നാകും. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും അടുത്തുനടന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് മധ്യ-വടക്കേ ഇന്ത്യയില്‍ 170ലധികം സീറ്റുകള്‍ കൈവരിക്കാനായാല്‍ 272 എന്ന മാന്ത്രിക സംഖ്യയിലേക്ക് വലിയ അകലമുണ്ടാകില്ല. പക്ഷേ ഇതിനുവേണ്ടത് നടേപറഞ്ഞ രീതിയിലുള്ള ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ സാമാന്യംവലിയ ഉണര്‍വാണ്. അതിന് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നുകൂടി മല്‍സരിക്കുന്നുവെന്ന വാര്‍ത്ത വലിയ ആഹ്ലാദമാണ് ഐക്യജനാധിപത്യമുന്നണിവൃത്തങ്ങളിലും കേരളത്തിലെ ജനങ്ങളില്‍ പൊതുവെയും സൃഷ്ടിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്നുകൂടി രാഹുല്‍ഗാന്ധി മല്‍സരിക്കണമെന്ന തീരുമാനം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാര്യസമിതി നേരത്തെതന്നെ കൈക്കൊണ്ടതായാണ് വിവരം. ഇതനുസരിച്ച് കര്‍ണാടകയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള ഓരോ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് രാഹുലിനായി കണ്ടുവെച്ചിരുന്നത്. ഇതില്‍ കര്‍ണാടകയിലെ ശിവഗംഗ, ബിദാര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലുംനിന്ന് രാഹുല്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് കേരളത്തില്‍നിന്ന് രാഹുല്‍ മല്‍സരിക്കുമെന്ന സൂചന ശക്തമായിരിക്കുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയാണ് ശനിയാഴ്ച രാവിലെ ഇതുസംബന്ധിച്ച വിവരം ആദ്യമായി പുറത്തുവിടുന്നത്. രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തില്‍നിന്ന് മല്‍സരിക്കണമെന്ന് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അറിയിപ്പ്. ഇത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചതോടെ വര്‍ധിച്ച ആവേശമാണ് കേരളത്തില്‍ പൊതുവെ കാണാനിടയായിരിക്കുന്നത്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്പ്രസിഡന്റ് കൂടിയായ ടി. സിദ്ദീഖിനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലൂടെ അക്കാര്യം അറിയിക്കുകയും തന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന് കാര്യമായി സ്വാധീനമുള്ള വയനാട്ടില്‍ പാര്‍ട്ടി നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വയനാട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിവരം ആരാഞ്ഞതായും വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇടങ്കോലുമായി ചില സ്ഥാപിത താല്‍പര്യക്കാര്‍ രംഗത്തുവന്നിരിക്കുന്നത് കാണാതിരുന്നുകൂടാ. അതിലൊന്ന് സ്വാഭാവികമായി ബി.ജെ.പിയും മറ്റേത് കേരളത്തില്‍മാത്രം വേരുകളുള്ള സി.പി.എമ്മുമാണ്. ബി.ജെ.പിക്കെതിരെ മതേതര സര്‍ക്കാരെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സി.പി.എമ്മിന്റെ തനിനിറമാണ് ഇതോടെ പുറത്തുചാടിയിരിക്കുന്നത്. സി.പി.ഐക്കാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നതിനാല്‍ രാഹുലിന്റെ പോരാട്ടം ഇടതുപക്ഷത്തിനെതിരാകില്ലേ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ചോദ്യം. സി.പി.ഐ നേതൃത്വമാകട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കാര്യമായ വിമര്‍ശനമുന്നയിച്ചിട്ടുമില്ല. ആരായാലും വയനാട്ടില്‍നിന്ന് യു.ഡി.എഫ് ജയിക്കുമെന്നിരിക്കെ എന്തിനാണ് സി.പി.എം ബേജാറാകുന്നതെന്നാണ് മനസ്സിലാകാത്തത്. ഈ നിലപാട് തങ്ങള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവുകമാത്രമേ നിവൃത്തിയുള്ളൂ