ആർഎസ്എസ് വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് കെ.മുരളീധരൻ

​​​​​ ​​​​​
ആർഎസ്എസിന്‍റെ വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്നും മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം തന്നെ പിന്തുണയ്ക്കുമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. വടകരയിൽ കോലീബി സഖ്യമാണെന്ന സിപിഎമ്മിന്‍റെ ആരോപണം തുരുന്പിച്ച് പഴകിയത്. ഇനി ഇതൊന്നും ചിലവാകില്ല. വടകരയിൽ ശക്തമായ ത്രികോണ മത്സരമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതവിഭാഗക്കാരും കോണ്‍ഗ്രസിന് ഒപ്പം നിൽക്കും. ഇടത് സ്ഥാനാർഥി പി.ജയരാജനെതിരേ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കില്ല. അത് കോണ്‍ഗ്രസ് സംസ്കാരമല്ല. എന്നാൽ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചരണം ഉണ്ടാകുമെന്നും അത് ആർക്കെങ്കിലും നേരെ വിരൽചൂണ്ടിയാൽ താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം പ്രവർത്തകരുടെ വക ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചാണ് വടകരയിലേക്ക് പോകുന്നത്. എന്നാൽ ഇതുകൊണ്ടെന്നും യുഡിഎഫ് വിജയം തടുക്കാൻ കഴിയില്ലെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരരംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നതിന് അർഥം കേരള രാഷ്ട്രീയത്തിൽ നിന്നും മാറുന്നു എന്നല്ല. കേരളം വിട്ട് തനിക്കൊരു കളിയുമില്ലെന്നും വട്ടിയൂർക്കാവിൽ തനിക്ക് പകരക്കാരനെ കണ്ടെത്താൻ കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.