സൗദി-ബഹ്​റൈൻ കോസ്​വേ: തിരക്ക്​ കുറക്കാൻ പരിഷ്​കരണ പദ്ധതി

56

ദമ്മാം :സൗദി-ബഹ്​റൈൻ കോസ്​വേയിലെ തിരക്ക്​ നിയന്ത്രിക്കുന്നതിനും ചരക്കു​നീക്കം എളുപ്പമാക്കുന്നതിനും പരിഷ്​കരണ പദ്ധതികൾ ആവിഷ്​കരിക്കുന്നു. പുതിയ സംവിധാനങ്ങൾ വരുന്നതോടെ  സങ്കീർണമായ നിയലംഘന കേസുകളിൽ പെട്ടിട്ടില്ലാത്തവർക്ക്​ അതിവേഗ വാതിലിലൂ​ടെ രാജ്യത്ത്​ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഇതേ രീതിയിൽ ചരക്കുനീക്കവും യാഥാർഥ്യമാകും. 1986 ൽ കോസ്​വേ യാഥാർഥ്യമായതുമുതലുള്ള സംവിധാനങ്ങളാണ്​ ഇപ്പോഴുമുള്ളത്​. അന്നത്തെ സാഹചര്യങ്ങൾക്ക്​ അനുസരിച്ചുള്ള നിർമാണ രീതികളാണ്  നിലവിലെ തിരക്കുകൾക്ക്​ കാരണമെന്നാണ്​ കണ്ടെത്തൽ. ഇത്​ പരിഹരിക്കുന്നതിന്​ അടിമുടി പുതുക്കി പണിയൽ ആവശ്യമാണന്ന്​ കിങ്​ ഫഹദ്​ കോസ്​വേ അതോറിറ്റി ജനറൽ  കസ്​റ്റംസ്​ ഗവർണർ അഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അൽ അഖ്​ബാനി പറഞ്ഞു. യാത്രക്കാരുടെ നേരത്തെയുള്ള രേഖകൾ പരിശോധിച്ച്​ കാര്യമായ തടസ്സങ്ങൾ ഇല്ലാത്തവർക്ക്​  താമസമില്ലാതെ  അതിവേഗ വാതിലിലൂ​ടെ  നടപടിക്രമങ്ങൾ പൂർത്തിയാക്കി​ പോകുവാൻ സാധിക്കും. കസ്​റ്റംസ്​, ആഭ്യന്തര മന്ത്രാലയം,നാഷനൽ ഇൻഫർമേഷൻ സെൻറ്റർ ,പാസ്​പോർട്ട്​ അതോറിറ്റി എന്നിവ സംയുക്​തമായി ബന്ധിപ്പിച്ചാണ്​ ഇത്​ നടപ്പിലാക്കുക. ഇതോ​ടെ  യാത്രക്കാർ നേരിടുന്ന 90 ശതമാനം തിരക്കും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്​. ഇതിലൂടെ ചരക്കു​നീക്കവും ഇതി​​ൻറ്റെ കീഴിൽ ഉൾപ്പെടുത്തും.

മാർച്ച്​ ഒമ്പത്​ ശനിയാഴ്​ചയാണ്​ ഏറ്റവും കൂടുതൽ യാത്രക്കാർ കോസ്​വേ വഴി യാത്ര ചെയ്​തതെന്നും  അതോറിറ്റി അറിയിച്ചു. 1,19,291 യാത്രക്കാരാണ്​ ഈ ദിവസം കോസ്​വേഴി കടന്നുപോയത്​.  ഇതിൽ 73,087 പേർ ബഹ്​റൈനിൽ നിന്ന്​ സൗദിയിലേക്ക്​ എത്തിയവരാണ്​. കോസ്​വേയിലെ തിരക്ക്​കുറക്കുന്നതിനുള്ള പരിഷ്​കരണങ്ങൾ യാത്രക്കാരുടെ ചിരകാല ആഗ്രഹമാണ്​.  സൗദിയിലെ ലെവി സാഹചര്യങ്ങളിൽ നിരവധി പേർ ബഹ്​​ൈറനിലേക്ക്​ താമസം മാറുകയും സൗദിയിൽ കച്ചവടം  തുടരുകയും ചെയ്യുന്നുണ്ട്​. ഇവരിൽ അധികം പേരും ദിനംപ്രതി ഇരു രാജ്യത്തേക്കും യാത്ര ചെയ്യുന്നവരാണ്​.  തിരക്ക് കൂടിയ സമയങ്ങളിൽ മണിക്കൂറുകളാണ്​ ഇവർക്ക്​ നഷ്​ടപ്പെടുന്നത്​. കഴിഞ്ഞ ശനിയാഴ്​ രണ്ട്​ കിലോമീറ്ററിൽ കൂടുതലാണ്​ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടത്​​. പലർക്കും രണ്ട്​ മണിക്കൂറില രണ്ട്​ മണിക്കൂറിലധികം കാത്തു കിടക്കേണ്ട അവസ്​ഥയും ഉണ്ടായി. ഇതുവഴി ചരക്കുമായി പോകുന്ന ട്രെയിലർ ഡ്രവർമാർക്ക്​ പലപ്പോഴും ദിവസങ്ങൾ കോസ്​വേയിൽ ചെലവിടേണ്ടി വരാറുണ്ട്​.