തോല്‍വി തുടര്‍ക്കഥയാക്കിയ സ്മൃതി ഇറാനിയാണ് രാഹുലിനെ പരിഹസിക്കാന്‍ വരുന്നതെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. അമേഠി രാഹുലിന്റ കര്‍മ്മ ഭൂമിയാണ്. രാഹുല്‍ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് സ്മൃതി ഇറാനി. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. നിരന്തരമായ തോല്‍വികള്‍. കൈകാര്യം ചെയ്ത വകുപ്പുകള്‍ എല്ലാം തരിപ്പണം. ചാന്ദ്‌നിചൗക്കിലും അമേഠിയിലും പരാജയപ്പെട്ട ആളാണ് സ്മൃതിയെന്നും വിമര്‍ശനങ്ങള്‍ക്ക് സുര്‍ജേവാല മറുപടി നല്‍കി.

പ്രകടനപത്രികയിലെ പ്രധാന വിഷയമായ മിനിമം വേതനത്തിന്റെ വിശദാംശങ്ങളാണ് രാഹുല്‍ ഇന്ന് വ്യക്തമാക്കിയത്. മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്നായിരുന്നു വാര്‍ത്താലേഖകരോട് രാഹുലിന്റെ പ്രതികരണം.

കോണ്‍സിനും യു.പി.എയ്ക്കും ദക്ഷിണേന്ത്യയില്‍ ഉണര്‍വ് നല്‍കാനാണ് രാഹുലിന്റ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. വയനാട് തന്നെയാണ് രാഹുലിനായി പരിഗണിക്കുന്നതെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് മത്സരിക്കണമെന്നില്ലെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.

അതേ സമയം കേരളത്തിലെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.