കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു

തിരുവനന്തപുരം: കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരന്‍, അരുണ്‍, പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

അതേസമയം, സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. മൂന്ന് ദിവസം കൂടി നാല് ഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ ജാഗ്രത തുടരാന്‍ ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിട്ടിയും നിര്‍ദേശിച്ചു. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നുഡിഗ്രിവരെ ചൂട് കൂടും.കേന്ദ്രം അറിയിച്ചു.