തൊടുപുഴയില്‍ മര്‍ദനേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ന്യൂറോ ഐ.സി.യുവില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദ് (36) ആണ് ക്രൂരകൃത്യം നടത്തിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി യുവതിയേയും കൂട്ടി തൊടുപുഴ ടൗണിലെ തട്ടുകടയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ അരുണ്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ പിടിച്ച് ഭിത്തിയില്‍ അടിക്കുകയായിരുന്നു എന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.