ടി.പി വധക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പി. ജയരാജനും കോടിയേരിയും വീഡിയോ വൈറലാകുന്നു

 

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനും ടി.പി വധക്കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രതികള്‍ക്ക് ജയിലില്‍ വേണ്ടത്ര സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സി.പി.എം നേതാക്കള്‍ വിയ്യൂര്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. പ്രതികളെ മര്‍ദ്ദിച്ചെന്നാരോപിച്ച് ജയരാജന്‍ ജയില്‍ ഉദ്യോഗസ്ഥന്‍മാരെ ശകാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ടി.പി വധക്കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സി.പി.എം വാദം പൊളിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചതിലൂടെ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ടി.പിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പി. ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വീഡിയോ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.