കെ.എം മാണി വിടവാങ്ങി

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നു ദിവസമായി കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില ഗുരുതരമായി. വൈകിട്ട് 4.57നാണ് മരണം സ്ഥിരീകരിച്ചത്. മാണിയെ ചികിത്സിച്ച ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ.ഹരിലക്ഷ്മണനാണ് അല്‍പ്പം മുമ്പ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി കെ.എം മാണി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മാണിയുടെ ആരോഗ്യനില മോശമായതായി ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അറിയിച്ചിരുന്നു. ഇന്ന് രാവിലെ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത് പ്രതീക്ഷയുണ്ടാക്കിയിരുന്നു. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ മരണസമയത്ത് ആസ്പത്രിയിലുണ്ടായിരുന്നു.
കോട്ടയം മരങ്ങാട്ടുപള്ളിയിലെ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933ലായിരുന്നു കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം മാണിയുടെ ജനനം. മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി. 1959ല്‍ കെ.പി.സി.സി അംഗമായി. കോണ്‍ഗ്രസിലെ ചേരിപ്പോരിനെ തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസ് പിറക്കുമ്പോള്‍ സംസ്ഥാന പാര്‍ട്ടിയുടെ നിലനില്‍പ്പും തുടര്‍ച്ചയും കെ.എം മാണി മുമ്പേ കണ്ടു. െ്രെകസ്തവ സഭകളുടെ ആശീര്‍വാദത്തോടെ മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും മധ്യ തിരുവിതാംകൂറില്‍ ശക്തമായ നിലനില്‍പ്പാണ് പാര്‍ട്ടിക്കുണ്ടായത്.
കഴിഞ്ഞ ജനുവരി 30ന് 86ാം പിറന്നാള്‍ ആഘോഷിച്ച കെ.എം മാണി രാഷ്ട്രീയ ജീവിതത്തിലെ ഒട്ടേറെ അപൂര്‍വ നേട്ടങ്ങള്‍ക്കും ഉടമയാണ്. ഏറ്റവും കൂടുതല്‍ തവണ (12) ബജറ്റ് അവതരിപ്പിച്ച മന്ത്രി, ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധീകരിച്ച ജനപ്രതിനിധി, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നയാള്‍ തുടങ്ങി നിരവധി റെക്കോഡുകള്‍ മാണിയുടെ പേരിലുണ്ട്. 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. 2015 നവംബര്‍ പത്തിന്് ബാര്‍ കോഴ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ.എം മാണി യുഡിഎഫ് മുന്നണി വിട്ടെങ്കിലും പിന്നീട് തിരിച്ചു വന്നു.