അബുദാബി എയര്‍പോര്‍ട്ടില്‍  ലൈബ്രറികള്‍ തുറന്നു

23
അബുദാബി: യാത്രക്കാരുടെ സൗകര്യം മാനിച്ച് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലൈബ്രറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് അധികൃതരുടെ സഹകരണത്തോടെ അബുദാബി വിനോദ സഞ്ചാര വിഭാഗമാണ് ലൈബ്രറികള്‍ സജ്ജീകരിച്ചിട്ടുള്ളത്. ടെര്‍മിനല്‍ ഒന്ന്, മൂന്ന് എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
ടെര്‍മിനല്‍ ഒന്നില്‍ ഗേറ്റ് 14നും 18നും ഇടയിലും ടെര്‍മിനല്‍ മൂന്നില്‍ ഗേറ്റ് 33നും 35നും ഇടയിലുമാണ് ലൈബ്രറി തുറന്നിട്ടുള്ളത്. ഒരേസമയം 10 പേര്‍ക്ക് ഇവിടത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകും. വിനോദ സഞ്ചാര വിഭാഗം 200ല്‍ പരം പുസ്തകങ്ങളാണ് ഇവിടെ യാത്രക്കാര്‍ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളത്. സാഹിത്യ പ്രധാന ഗ്രന്ഥങ്ങള്‍ക്ക് പുറമെ, യുഎഇയെ കുറിച്ചും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാനെ കുറിച്ചും പഠിക്കാനുതകുന്ന നിരവധി പുസ്തകങ്ങളും ഇവിടെയുണ്ട്.
യാത്രക്കിടെ ലഭിക്കുന്ന ഈ മികച്ച വായനാ സൗകര്യം പരമാവധി പേര്‍ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ തോംപ്‌സണ്‍  അഭ്യര്‍ത്ഥിച്ചു. യാത്രക്കിടയില്‍ ലഭിക്കുന്ന ഇത്തി രി നേരം വൈജ്ഞാനികമാക്കി മാറ്റാനുള്ള സുവര്‍ണാവസരമായാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.