അബുദാബി പുസ്തക മേള 24 മുതല്‍; ആയിരത്തിലേറെ പ്രസാധകര്‍

8
അബുദാബി: ഇരുപത്തിയൊമ്പതാമത് അബുദാബി അന്താരാഷ്ട്ര പുസ്തക മേളക്ക് ഈ മാസം 24ന് തുടക്കം കുറിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍ത്വത്തില്‍ ആരംഭിക്കുന്ന പുസ്തക മേള ഈ മാസം 30 വരെ നീളും.
വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രസാധകരാണ് ഇത്തവണ നൂറുകണക്കിന് പുസ്തകങ്ങളുമായി എത്തിച്ചേരുന്നത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തക മേളയില്‍ മലയാള പ്രസാധകര്‍ ഇത്തവണയും തങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 63 രാജ്യങ്ങളില്‍ നിന്നുള്ള 1,350 പ്രദര്‍ശകരാണ് വൈജ്ഞാനികതയുടെ  പുസ്തകക്കെട്ടുകള്‍ തലസ്ഥാന നഗരിയില്‍ വായനാ പ്രേമികള്‍ക്ക് മുന്നിലെത്തിച്ചത്.
ലോക പുസ്തക മേളകളില്‍ അബുദാബിയും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലാണ് മുന്‍കാലങ്ങളിലെ പ്രദര്‍ശനം ഉണ്ടായിട്ടുള്ളത്. ഇക്കുറി ഇന്ത്യ അതിഥി രാജ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയെ അതിഥി രാജ്യമായി പ്രഖ്യാപിച്ചത് ഏറെ ആഹ്‌ളാദത്തോടെയാണ് പ്രവാസി സമൂഹം വരവേറ്റത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്തോ-യുഎഇ ബന്ധത്തിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലായാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.