വടകരയില്‍ ജയരാജന് തിരിച്ചടി; സി.പി.എമ്മിന്റെ ഭീഷണിക്ക് വഴങ്ങാതെ സി.ഒ.ടി നസീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വടകര: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നസീര്‍ മത്സരിക്കുന്നത്.

ഷൗക്കത്തലി(ആം ആദ്മി),ഷംനാദ് ആലംബത്ത് (കിവീസ്), ശ്വേത, ഷബ്‌നം എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു നസീര്‍.

നേരത്തെ, തലശ്ശേരി നഗരസഭാ ചെയര്‍മാനായിരുന്നു സി.ഒ.ടി നസീര്‍. പിന്നീട് സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് വടകരയില്‍ ജയരാജനെതിരെ മത്സരിക്കാന്‍ തീരമാനിക്കുകയായിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നു. മത്സരരംഗത്തുനിന്നും പിന്‍മാറണമെന്ന് പലരും ആവശ്യപ്പെട്ടുവെങ്കിലും മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു നസീര്‍. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് നസീര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.മുരളീധരനാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.