
ദുബൈ: അടിച്ചമര്‍ത്തപ്പെട്ടവരെയും അരികുവത്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന പത്രമാണ് ചന്ദ്രികയെന്നും 85-ാം വാര്‍ഷികമാഘോഷിക്കുന്ന ഈ പത്രം ഒരു ദിവസം പോലും മുടങ്ങാതെ ഓരോ മലയാളിയുടെയും അഭിമാനമായി ഇന്നും നിലനില്‍ക്കുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ ഫ്ളോറ ക്രീക്കില്‍ നടന്ന ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഓണ്‍ലൈന്‍ സമാരംഭം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഉള്‍ക്കൊണ്ടുള്ളതാണ് ഓണ്‍ലൈന്‍ വേര്‍ഷന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അണിയറ ശില്പികളെ അഭിനന്ദിക്കുന്നു. കാലാതിവര്‍ത്തിയായ പരിവര്‍ത്തനങ്ങളിലൂടെ സമൂഹം ഗമിക്കുമ്പോള്‍ അതിനോടൊപ്പം നില്‍ക്കുകയാണ് നാമും. ഒരു കാലത്ത് മികച്ച എഴുത്തുകാരെയും സംസ്കാരിക പ്രമുഖരെയും വാര്‍ത്തെടുക്കുന്നതില്‍ ചന്ദ്രിക ഉജ്വല സംഭാവനകളാണ് അര്‍പ്പിച്ചത്. ഇന്നും അതേ ദൗത്യം അത് നിര്‍വഹിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
പുതിയ കാലഘട്ടത്തിന്റെയും നവ വായനാ സമൂഹത്തിന്റെയും മനസറിഞ്ഞു കൊണ്ടുള്ള ദൗത്യമാണ് ഈ ഓണ്‍ലൈന്‍ വേര്‍ഷനിലൂടെ സാര്‍ത്ഥകമാകുന്നതെന്ന് ഏഷ്യാവിഷന്‍ എംഡിയും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റുമായ നിസാര്‍ സെയ്ദ് ആമുഖം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഡിജിറ്റല്‍ കാലത്തിന്റെ ആവശ്യം അറിഞ്ഞു പ്രവര്ത്തിക്കുകയാണീ ദൗത്യത്തിലൂടെയെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വേര്‍ഷന്റെ ലോഞ്ചിംഗ് ആദരണീയനായ ഹൈദരലി തങ്ങളുടെ കരങ്ങളാല്‍ നിര്വഹിക്കപ്പെട്ടതില് ഏറെ ആഹ്ളാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ തന്നെ മാതൃകാപൂര്ണമായൊരു മതേതര സമൂഹത്തെ നട്ടു നനച്ചു വളര്‍ത്തിയതില്‍ ചന്ദ്രിക നിര്‍വഹിച്ച ദൗത്യം മഹത്തായതാണെന്ന് യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് പറഞ്ഞു. ഏറ്റവും ഉയരത്തില്‍ തന്നെ ചന്ദ്രിക വിരാജിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ 85 വര്‍ഷമായി മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വളര്‍ച്ചയില്‍ ചന്ദ്രിക വഹിക്കുന്ന പങ്കും അതിന്റെ ഗള്‍ഫ് എഡിഷനായ മിഡില്‍ ഈസ്റ്റ് ചന്ദ്രിക 15 വര്‍ഷമായി നിര്‍വഹിച്ചു വരുന്ന ശ്രദ്ധേയ മാധ്യമ പ്രവര്‍ത്തനവും അഭിനന്ദനീയമാണെന്ന് എന്‍എംസി ഹെല്‍ത്ത് പിഎല്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് മങ്ങാട്ട് അഭിപ്രായപ്പെട്ടു. ചന്ദ്രികയെന്നത് ശാന്തതയുടെയും സൗമ്യതതയുടെയും പ്രതീകമാണ്. ഈ ഓണ്‍ലൈന്‍ പ്രകാശനം അതിന്റെ ഉദാത്തമായ തെളിവാണ്. ഇന്നത്തെ സമൂഹത്തിന് ഈ ഓണ്‍ലൈന്‍ എഡിഷന് നല്‍കിയതില്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും പ്രശാന്ത് മങ്ങാട്ട് വ്യക്തമാക്കി.
മതേതര ഇന്ത്യയെ കോട്ടം തട്ടാതെ നിലനിര്‍ത്തിയതില്‍ ചന്ദ്രികയും അതിന്റെ മികച്ച പങ്ക് വഹിച്ചിട്ടുണ്ടെന്ന് റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ളത് ചൈനയിലാണെന്ന് നാം ഒരു കാലത്ത് പഠിച്ചിരുന്നു. എന്നാല്‍, ഫേസ്ബുക് ആണ് ഇന്ന് ഏറ്റവുമധികം ജനസംഖ്യയുള്ള ഇടമെന്ന് വേണമെങ്കില്‍ പറയാം. അത്രക്കധികം ഡിജിറ്റല്‍ യുഗം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. മിഡില്ഈസ്റ്റ്ചന്ദ്രികഡോട്കോം എന്നത് ‘മീചന്ദ്രികഡോട്കോം’ എന്ന് ഹ്രസ്വമാക്കി ഡൊമെയ്ന്‍ മാറ്റുന്നത് ഉചിതമായിരിക്കുമെന്നും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ എല്ലാ തരം നല്ല പ്രവര്‍ത്തനങ്ങളെയും മികച്ച നിലയില്‍ പിന്തുണക്കുന്ന മിഡില്‍ ഈസ്റ്റ് ചന്ദ്രികയോടും കെഎംസിസിയോടും എന്നും കടപ്പാടും സ്നേഹവുമാണുള്ളതെന്ന് ഫിനാബ്ളര്‍ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു. കൂടുതല്‍ സഹകരണം അറിയിക്കുന്നുവെന്നും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ എഡിഷന് തന്നെപ്പോലുള്ള ലക്ഷക്കണക്കിന് വിദേശ മലിയാളികള്ക്ക് ഏറെ പ്രയോജനപ്രദമാണെന്നും ഈ സദുദ്യമത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും യു.എ നസീര്‍ ന്യൂയോര്‍ക്ക് പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷന് സര്‍വ ആശംസകളും നേരുന്നുവെന്നും മികച്ച വിജയങ്ങള്‍ ആശംസിക്കുന്നുവെന്നും നെല്ലറ ഗ്രൂപ് എംഡിയും ഐപിഎ ചെയര്‍മാനുമായ ഷംസുദ്ദീന് നെല്ലറ അഭിപ്രായപ്പെട്ടു.
‘ഗെറ്റ് ഇന്‍ഫോംഡ്’ എന്ന നിലയിലേക്ക് ഇന്ന് ലോകം എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ഈ സംരംഭം കൂടുതല്‍ മികച്ച നിലയില്‍ മുന്നേറട്ടെയെന്നും പി.കെ അന്‍വര്‍ നഹ ആശംസിച്ചു.
ഓണ്‍ലൈന്‍ എഡിഷന് എല്ലാ ഭാവുകങ്ങളും നേരുന്നതായി പി.കെ ആഷിഖും ചന്ദ്രിക ഡയറക്ടര്‍ ഒന്തത്ത് ഉസ്മാനും മുസ്തഫ വേങ്ങരയും അറിയിച്ചു.