ഡിഒടി-ആര്‍ടിഎ സംയുക്താഭിമുഖ്യത്തില്‍  അല്‍ ഐന്‍-ദുബൈ ബസ് സര്‍വീസ് ആരംഭിച്ചു

11
റസാഖ് ഒരുമനയൂര്‍
അബുദാബി: ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട്-റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി സംയുക്താഭിമുഖ്യത്തില്‍ അല്‍ ഐന്‍-ദുബൈ ബസ് സര്‍വീസിന് തുടക്കം കുറിച്ചു. അല്‍ ഐന്‍-ദുബൈ റൂട്ടിലുള്ള യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു നഗരങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ഗതാഗത സംവിധാനമെന്ന ആശയവും ഇതിന് പ്രേരകമായതായി അധികൃതര്‍ പറഞ്ഞു. ഇ201 എന്ന പേരില്‍ അറിയപ്പെടുന്ന ഈ റൂട്ട് ദുബൈ അല്‍ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നാണ് ആരംഭിക്കുന്നത്.
ഈ റൂട്ടില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ബസില്‍ സൗജന്യ വൈ ഫൈ സംവിധാനവുമുണ്ട്. പുതിയ ബസ് സര്‍വീസ് അല്‍ ഐനിലെയും ദുബൈയിലെയും ആയിരക്കണക്കിന് പേര്‍ക്ക് പ്രയോജനകരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ അല്‍ഗസാല്‍ കമ്പനിയുടെ മിനി ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തി വരുന്നത്. നിലവിലെ സര്‍വീസ് യാത്രക്കാര്‍ക്ക് താരതമ്യേന സൗകര്യപ്രദമല്ലെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് പുതിയ സര്‍വീസ് നടപ്പാക്കിയിരിക്കുന്നത്.
വാരാന്ത്യങ്ങളിലും മറ്റു അവധി ദിനങ്ങളിലും നൂറുകണക്കിന് യാത്രക്കാരാണ് ഈ റൂട്ടില്‍ ബസുകളെ ആശ്രയിക്കുന്നത്.
അല്‍ ഐന്‍-ദുബൈ റൂട്ടിലെ ബസ് സ്റ്റോപ്പുകള്‍:
ദുബൈ അല്‍ഗുബൈബ ബസ് സ്റ്റേഷന്‍
അല്‍ജാഫിലിയ മെട്രോ സ്റ്റേഷന്‍
നോര്‍ത്ത് വസല്‍
വസല്‍ ക്‌ളബ്
എമിറേറ്റ്‌സ് എന്‍ബിഡി
നദ്ദ് അല്‍ശീബ
മര്‍മൂം ഡയറി ഫാം
അല്‍ഫഖാ സ്റ്റേഷന്‍
യുഎഇ യൂനിവേഴ്‌സിറ്റി മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റ്
സിറ്റി പെട്രോള്‍ സ്റ്റേഷന്‍
ശൈഖാ സലാമ മസ്ജിദ്