കള്ളവോട്ട്: ജില്ലാ കളക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ട് തേടി: ടിക്കാറാം മീണ

തിരുവനന്തപുരം: കാസർകോട്ടെ കള്ളവോട്ട് ആരോപണത്തിൽ റിട്ടേണിങ് ഓഫീസർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കണ്ണൂർ, കാസർകോട് കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. കളക്ടർമാരോട് ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ടാണ് തേടിയിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടികൾ എടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

അസി.റിട്ടേണിങ് ഓഫീസറുടേയും പ്രിസൈഡിങ് ഓഫീസറുടെയും ഒത്താശയില്ലാതെ കള്ളവോട്ടുകൾ നടത്താൻ സാധിക്കില്ല. റിപ്പോർട്ട് വരുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൂത്ത് പിടിത്തം സംബന്ധിച്ച് നിരവധി തവണ കളക്ടർമാർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ലെന്നും യുഡിഎഫ് സ്ഥാനാർഥികളായ രാജ്മോഹൻ ഉണ്ണിത്താനും കെ.സുധാകരനും ആരോപിച്ചിരുന്നു.