ദുബൈ: 40 വര്‍ഷത്തെ പ്രവാസം മതിയാക്കി കാപ്പാട്ടകത്ത് പുതിയ നാലകത്ത് ഇസ്മായിലിക്ക നാട്ടിലേക്ക് മടങ്ങുന്നു. 1974-’75ല്‍ മമ്പാട് കോളജില്‍ നിന്ന് പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി 1977ലാണ് ഇസ്മായിലിക്ക ദുബൈയിലെത്തുന്നത്. അന്ന് വികസനത്തിലേക്ക് മുട്ട്കുത്തിഴഞ്ഞ് നീങ്ങുകയായിരുന്ന ദുബൈയിലിറങ്ങിയ ഇസ്മായിലിക്കക്ക് വിദ്യാഭ്യാസമുള്ളതിനാല്‍ അക്കാലത്ത് എം.എ.ആര് അല്‍ബഹാര്‍ (കാറ്റര്‍പില്ലര്‍) കമ്പനിയില്‍ സ്റ്റോര്‍ കീപറായി ജോലി കിട്ടി. ദുബൈ, ഷാര്‍ജ, അബുദാബി ശാഖകളില്‍ 8 വര്‍ഷത്തോളം പണിയെടുത്ത അദ്ദേഹം അവിടെ നിന്ന് മാറി പിന്നീട് അബുദാബി മുനിസിപ്പാലിറ്റിയില്‍ സ്റ്റോര്‍ കീപറായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ലീവിന് നാട്ടിലേക്ക് മടങ്ങിയ ഇസ്മായിലിക്ക രണ്ടര വര്‍ഷങ്ങള്‍ക്ക് പിറകെയാണ് വികസനത്തിലേക്ക് മെല്ലെ മെല്ലെ കാലെടുത്ത് വെച്ച എണ്ണപ്പാടത്ത് വീണ്ടും വന്നിറങ്ങിയത്. 1991ല്‍ ദുബൈ മുനിസിപ്പാലിറ്റിയില്‍ ഇന്റര്‍വ്യൂവിന് ഹാജരായി. സ്റ്റോര്‍ കീപര്‍ തസ്തികയില്‍ തന്നെയായിരുന്നു അവിടെയും നിയമനം ലഭിച്ചത്. 28 കൊല്ലം ഒരേ സ്ഥലത്ത് ജോലി ചെയ്ത് ജന്മനാട്ടിലേക്ക് യാത്രയാകുമ്പോള്‍ മനസ്സില്‍ നിറയെ സംതൃപ്തിയാണുള്ളത്. അമിതമായിട്ടൊന്നും സമ്പാദിച്ചിട്ടില്ലെങ്കിലും ചിലതൊക്കെ നേടിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് സാമൂഹിക-സാംസ്കാരിക-ജീവകാരുണ് യ-മത പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ഇസ്മായിലിക്കയുടെ നാട്ടിലേക്കുള്ള മടക്കം. കെഎംസിസിയുടെ ആരംഭ കാലത്ത് തന്നെ സജീവ സാന്നിധ്യമായിരുന്നു. ദുബൈ കെഎംസിസി തിരൂര്‍, താനൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. നാട്ടിലെ പല സംരംഭങ്ങളുടെയും ദുബൈ കമ്മിറ്റിയുടെ ഭാരവാഹി സ്ഥാനത്തിരുന്ന് പുരോഗതിക്ക് വേണ്ടി നടത്തിയ പ്രയത്നം വൃഥാവിലായിട്ടില്ലെന്ന സന്തോഷവും മടക്ക യാത്രയില്‍ അദ്ദേഹത്തിന് കൂട്ടിനുണ്ട്. കടവണ്ടിവളപ്പില് അലവി എന്ന ബാവയുടെയും കടപ്പാട്ടകത്ത് പുതിയ നാലകത്ത് മറിയക്കുട്ടിയുടെയും എട്ട് മക്കളില്‍ അഞ്ചാമനായ ഇസ്മായിലിക്കക്ക് ഒരാണും രണ്ട് പെണ്ണുമടക്കം മൂന്ന് മക്കളാണ്. തിരൂര്‍ പറവണ്ണയിലെ ഉത്തക്കടവത്ത് ഏനുദ്ദീന്‍കുട്ടി മൗലവിയുടെയും മേലേപ്പുറത്ത് കിണത്തിങ്ങല് സുലൈഖയുടെയും മകള്‍ സുബൈദയാണ് ഭാര്യ. മകന് ഇജാസ് ഇസ്മായില്‍ ഇലക്ട്രോണിക് ആന്റ് കമ്യൂണികേഷനില്‍ ബി.ടെക് എഞ്ചിനീയറാണ്. മൂത്ത മകള്‍ മിദ്ഹത്ത് ഇസ്മായില്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ ഡിഗ്രിയും ബി.എഡുമെടുത്ത് തിരൂര്‍ ബെഞ്ച്മാര്‍ക് സ്കൂളില്‍ അധ്യാപികയാണ്. ചെന്നൈയില്‍ വ്യാപാരിയായ പൂരപ്പുഴയിലെ കെ.എം സമീറാണ് മരുമകന്. നഹ്ല ഇസ്മായിലാണ് ഇളയ മകള്‍.