വിയോഗം ഏറെ വേദനാജനകം: പികെ കുഞ്ഞാലിക്കുട്ടി

കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ്‌ ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണ്‌. വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്‌. ഒരു വൻ മരമായി രാഷ്ട്രീയ കേരളത്തിൽ തലയുയർത്തി നിന്ന ആ വ്യക്തിത്വം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്‌.

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മാണിസാർ ഐക്യ ജനാധിപത്യ മുന്നണിയുടെയും സ്ഥാപക നേതാവ്. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും അദ്ദേഹം കാണിച്ച അസാമാന്യമായ ധീരതയും ആത്മവിശ്വാസവും എന്നും അനുകരണീയമാണ്. ആ ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും പുതുതലമുറക്ക് മാതൃകയാണ്.

വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു മാണിസാർ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുമായും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ മാണിസാർ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് തുണയായത് രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനങ്ങളുമായി നിലനിർത്തിയ അടുപ്പമായിരുന്നു.

മാണിസാറിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.