പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ വെബ് സൈറ്റ് മിഴി തുറന്നു

20

ചന്ദ്രികയുടെ ഗൾഫിലെ വായനക്കാർ ഏറെ നാളായി കാത്തിരുന്നതും സ്മാർട്ട് ആയ യുവജനതയും നവ വിദ്യാർത്ഥികളും ആഗ്രഹിച്ചിരുന്നതുമായ മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ഓൺലൈൻ ന്യൂസ് പോർട്ടൽ ആയ www.middleeastchandrika.com ഏപ്രിൽ 11 വ്യാഴാഴ്ച ദുബായിൽ ആദരണീയനായ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സെയ്‌ദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിരൽ സ്പർശം കൊണ്ട് ധന്യമാവുകയും ലോകത്തിനു സമർപ്പിക്കുകയും ചെയ്തു. ദുബായ് ദെയ്‌റ ഫ്ലോറ ക്രീക്ക് അപ്പാർട്മെന്റിൽ നടന്ന പ്രൗഢ ഗംഭീരവും ലളിതവുമായ ചടങ്ങിൽ വച്ചാണ് പാണക്കാട് തങ്ങൾ പോർട്ടലിന് സ്വിച്ച് ഓൺ നൽകിയതും തുടർന്ന് സ്‌ക്രീനിൽ മിഡിൽ ഈസ്റ്റ് ചന്ദ്രിക തെളിഞ്ഞുവന്നതും.

ഫിനാബ്ലർ , യുഎഇ എക്സ്ചേഞ്ച് , എൻ എം സി സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രശാന്ത് മാങ്ങാട്ട് , പ്രമോദ് മാങ്ങാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ഇരുവരെയും പാണക്കാട് തങ്ങൾ ചടങ്ങിൽ ആദരിക്കുകയും ചെയ്തു . എളേറ്റിൽ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പുത്തൂർ റഹ്മാൻ , അൻവർ നഹ , അൻവർ അമീൻ , ശംസുദ്ധീൻ നെല്ലറ , മദിന ഉസ്മാൻ അബ്ദുള്ള , ആഷിക് കുഞ്ഞാലിക്കുട്ടി , ഷമീർ ബീരാൻ , ജലീൽ പട്ടാംബി , അബ്ദുൽ മജീദ് തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.

പരസ്യം നൽകി സഹകരിക്കുന്നവർക്ക് കൂടുതൽ മികച്ച റീച്ച് ഒരുക്കാൻ ചന്ദ്രിക ബാധ്യസ്ഥമാണ് എന്നതിന്റെ തെളിവാണ് ഓൺലൈൻ ആരംഭിച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾകൊള്ളാനും പുതിയ തലമുറയുടെ വായനാ താല്പര്യത്തിലേക്ക് ചന്ദ്രികയെ കൂട്ടിക്കൊണ്ടുപോകാനും മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡോട്ട് കോം ഉപകരിക്കുമെന്ന് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു . എല്ലാ ജിസിസി രാജ്യങ്ങൾക്കും പ്രത്യേകം പ്രാദേശിക വാർത്തകൾ അപ്പപ്പോൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനം പുതിയ പോർട്ടലിൽ ഉണ്ടെന്ന് എളേറ്റിൽ അറിയിച്ചു.

ഏഷ്യാവിഷന്റെ ഭാഗമായ മാക്കിൻസർ ടെക്നോളജീസ് ആണ് മിഡിൽ ഈസ്റ്റ് ചന്ദ്രികയ്‌ക്കു വേണ്ടി വെബ് സൈറ്റ് തയ്യാറാക്കുന്നതും പരിപാലിക്കുന്നതും.