മസ്‌കത്ത് ബുര്‍ജീല്‍ ഹോസ്പിറ്റലില്‍  ഓങ്കോളജി വിഭാഗം ആരംഭിച്ചു

മസ്‌കത്ത് ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓങ്കോളജി വിഭാഗം ഉദ്ഘാടനം സയ്ദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സയ്ദ് നിര്‍വഹിക്കുന്നു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ സമീപം
മസ്‌കത്ത്: വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒമാനിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓങ്കോളജി ഡിപാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ സൗകര്യം ആരംഭിക്കുന്നത്. മസ്‌കത്തിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ സയ്ദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സയ്ദ് ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.  ഷംഷീര്‍ വയലില്‍ സന്നിഹിതനായിരുന്നു. 
ഔട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ്, കീമോ തെറാപ്പി തുടങ്ങി കാന്‍സര്‍ രോഗബാധിതര്‍ക്കുള്ള എല്ലാവിധ ചികിത്സകളും ഇനിമുതല്‍ ആശുപത്രിയില്‍ ലഭ്യമായിരിക്കുമെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഒമാന്‍ റീജ്യണല്‍ സിഇഒ ഡോ. രോഹില്‍ രാഘവന്‍ അറിയിച്ചു. 
സ്വകാര്യ മേഖലയില്‍ കാന്‍സര്‍ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയതോടെ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ”കാന്‍സറിനെതിരെ പൊരുതുന്നവര്‍ക്ക് ബുര്‍ജീലിലെ സേവനങ്ങള്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാന്‍സര്‍ ബാധിതര്‍ക്കുള്ള ചികിത്സ മാത്രമല്ല, രോഗനിര്‍ണയം നടത്താനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ചതും എന്നാല്‍ ചെലവ് ചുരുങ്ങിയതുമായ ചികിത്സ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഉദ്ഘാടന ചടങ്ങില്‍ ഒമാന്‍ പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്‌ളിഷ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മാസിന്‍ അല്‍ കബോറി, തകാഫുല്‍ ഒമാന്‍ ഇന്‍ഷുറന്‍സ് സിഇഒ സയ്യിദ റാവന്‍ അഹ്മദ് അല്‍ സയ്ദ്, നാഷണല്‍ ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. ബാസിം ജാഫര്‍ അല്‍ ബഹ്‌റാനി, ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ പ്രസിഡന്റ് വാജിദ് അല്‍ ഖറൂസി തുടങ്ങിയവരും പങ്കെടുത്തു.