മുസ്‌ലിം ലീഗ് വര്‍ഗീയതക്കെതിരായ ആന്റി വൈറസ്: കുഞ്ഞാലിക്കുട്ടി

23

മലപ്പുറം: വര്‍ഗീയത്‌ക്കെതിരായ ആന്റി വൈറസാണ് മുസ്‌ലിം ലീഗെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സി.പി.എം അടക്കം ഒരു പാര്‍ട്ടിയും ലീഗിന്റെ മതേതരനിലപാടിനെ ചോദ്യം ചെയ്തിട്ടില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. നടപടിയെടുക്കേണ്ടത് കമ്മീഷനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഇന്ത്യയെ ബാധിച്ച യഥാര്‍ഥ വൈറസ് ബി.ജെ.പിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെന്ന വൈറസിനെ ജനം തുടച്ചുമാറ്റും. യോഗി ആദിത്യനാഥിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു ആദിത്യനാഥിന്റെ വിവാദ ട്വീറ്റ്. മുസ്‌ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ബാധിച്ച ഈ വൈറസ് രാഹുല്‍ ജയിച്ചാല്‍ ഇന്ത്യ മുഴുവന്‍ ബാധിക്കുമെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞത്.