ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു 

7
ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഇഥ്‌റ ദുബൈ സിഇഒ ഇസ്സാം ഗലദാരി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി, വാട്ടര്‍ ഫ്രണ്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍മദനി, ലുലു സിഇഒ സെഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ഡയറക്ടര്‍ സലീം എം.എ സമീപം
ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മത്സ്യ ചന്തയായ ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ് നടത്തിപ്പുകാരായ ഇഥ്‌റ ദുബൈ സിഇഒ ഇസ്സാം ഗലദാരിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹൈപര്‍  മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ഗ്രൂപിന്റെ 165-ാമത് ഹൈപര്‍ മാര്‍ക്കറ്റാണിത്.  ദേര കോര്‍ണിഷിലെ അല്‍ഖലീജ് റോഡിനടുത്തായിട്ടാണ് 55,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഫ്രഷ് ഉല്‍പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്.
 
ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറഷന്‍ ഓഫ് ദുബൈയുടെ ഉപ സ്ഥാപനമാണ് ഇഥ്‌റ ദുബൈ. പന്ത്രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ ലോകോത്തര സൗകര്യങ്ങളോടെയാണ് മത്സ്യം, മാംസം, പഴം, പച്ചക്കറികള്‍ എന്നിവ ഉപഭോക്താക്കള്‍ക്കായി ലഭ്യമായിട്ടുള്ളത്.
 
ദേരയുടെ ഹൃദയ ഭാഗത്ത് ഉപഭോക്താക്കളെ തൃപ്തികരമായി സേവിക്കാന്‍   സാധിക്കുന്നതില്‍ എറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ആദ്യ കാല ഷോപ്പിംങ് സെന്റര്‍ ആരംഭിച്ചത് ഈ പ്രദേശത്തിനടുത്താണ്. ദുബൈയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ദേരയില്‍ ആധുനിക രീതിയിലാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റുമായുള്ള പങ്കാളിത്തം ദേരയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ ഉപഭോക്താക്കള്‍ക്ക് ലോകത്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ലുലുവിന്റെ വരവ് ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുമെന്ന് ഇഥ്‌റ ദുബൈ സിഇഒ ഇസ്സാം ഗലദാരി പറഞ്ഞു. ലുലുവുമായുള്ള പങ്കാളിത്തം പുതിയ വികസന കുതിപ്പിനിടയാക്കുമെന്നതിനോടൊപ്പം, ഉപഭോക്താക്കള്‍ക്ക് ആയാസ രഹിതമായി നവീന ഷോപ്പിംങ് അനുഭവം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ ഫ്രണ്ട് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍മദനി, ലുലു സിഇഒ സെഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ഡയറക്ടര്‍ സലീം എം.എ എന്നിവരും സംബന്ധിച്ചു.