അബുദാബി: ഓണ്‍ലൈന്‍ വഴിയുള്ള ചികിത്സകള്‍ക്കും മരുന്ന് വില്പനക്കുമെതിരെ യുഎഇ ആരോഗ്യ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്കി. വിവിധ രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നാണെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇംഗ്ളീഷിലുള്ള വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇംഗ്ളീഷില്‍ വിവരിക്കുന്നയാള്‍ ചില അറബി പദങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രോഗികള്‍ ഇത്തരം ചികിത്സാ രീതികളിലോ മരുന്നുകളിലോ വഞ്ചിതരാവരുതെന്ന് ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്കി. ഇത്തരം പ്രചാരണം നടത്തുന്നവരുടെ കുത്സിതങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന മരുന്നുകളില്‍ ആരും വഞ്ചിതരാവരുത്. യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രമേ ചികിത്സയും മരുന്ന് ഉപയോഗവും പാടുള്ളൂ. നിലവില്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തിവെച്ച് ഇത്തരം വ്യജ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുത്. അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അവ വഴിവെക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം ചികിത്സകള്‍ക്ക് യാതൊരു വിധ ആധികാരികതയുമില്ലെന്നും ആരും ഇതില്‍ കുടുങ്ങി തങ്ങളുടെ നിലവിലെ ചികിത്സയില്‍ മാറ്റം വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ലൈസന്‍സിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന് ഹുസൈന് അല്‍അമീരി വ്യക്തമാക്കി. ഇത്തരം ചികിത്സകള്‍ രാജ്യത്തോ അന്താരാഷ്ട്ര തലത്തിലോ അംഗീകരിക്കപ്പെട്ടതോ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ ആണെന്നതിന് യാതൊരു തെളിവുകളുമില്ല. മരുന്നുകള്‍ വാച്ചുകളും വസ്ത്രങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പോലെ ഓണ്‍ലൈന്‍ വഴി വാങ്ങാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അംഗീകൃതമല്ലാത്ത മരുന്നുകളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ടുതന്നെ, പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.