പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രം; വിവരമറിയാതെ തിരിച്ചു പോകുന്നവരേറെ

12
അബുദാബി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കി യുഎഇയിലും പുതിയ സംവിധാനം നടപ്പാക്കി. ഈ മാസം 10 മുതലാണ് പുതിയ രീതി പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചു പോരേണ്ടി വന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ രീതി നിലവിലുണ്ടെങ്കിലും യുഎഇയില്‍ നടപ്പാക്കിയിരുന്നില്ല. സ്വകാര്യ ഏജന്‍സിയായ ബിഎല്‍എസ് വഴിയാണ് അപേക്ഷകളും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ പുതിയ രീതി നടപ്പാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസി പത്രപ്രസ്താവനയോ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പോ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ, പ്രവാസികളാരും തന്നെ ഇക്കാര്യം അറിഞ്ഞതുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പതിവു പോലെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷയുമായി  ബിഎല്‍എസില്‍ എത്തിയപ്പോഴാണ് ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ച് അറിയുന്നത്. പുതിയ രീതി അനുസരിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും തുടര്‍ന്നു ലഭിക്കുന്ന പ്രിന്റുമായി ബിഎല്‍എസ് കേന്ദ്രത്തില്‍ എത്തുകയുമാണ് വേണ്ടത്. പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സമയ ലാഭം ഉണ്ടാകുമെന്നതാണ് ഇതിലൂടെ പ്രധാനമായും ലഭിക്കുന്ന നേട്ടം. മാത്രമല്ല, പാസ്‌പോര്‍ട്ട് ഉടമയുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിഭാഗത്തിലേക്ക് മാത്രമേ എത്തിച്ചേരുകയുള്ളൂ. ഇടനിലക്കാര്‍ക്ക് പൂര്‍ണ വിവരങ്ങള്‍ അറിയാനുള്ള സാധ്യത ഇല്ലാതായിത്തീരുകയും ചെയ്യും. നിലവില്‍ അബുദാബി ഇന്ത്യന്‍ എംബസിയില്‍ ദിനേന 250നും 300നുമിടക്ക് പാസ്‌പോര്‍ട്ടുകളാണ് കൈകാര്യം ചെയ്യുന്നത്. ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇതിന്റെ ഇരട്ടിയോളവുമുണ്ട്. പ്രതിവര്‍ഷം ഏകദേശം രണ്ടര ലക്ഷത്തിലധികം പാസ്‌പോര്‍ട്ടുകളാണ് എംബസിയിലും കോണ്‍സുലേറ്റിലുമായി പുതുക്കുകയോ അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നത്. ംംം.ലായമ്യൈ.ുമുൈീൃശേിറശമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെയാണ് പാസ്‌പോര്‍ട്ട് അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടത്. ഒന്നു മുതല്‍ ഒമ്പത് ഘട്ടങ്ങളാണ് ഇതിനായി പൂര്‍ത്തീകരിക്കേണ്ടത്. ഒടുവില്‍ പ്രന്റുമായി ബിഎല്‍എസ് കേന്ദ്രത്തിലെത്തി പണമടക്കണം.