രാഹുലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്


ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 17ന് സോണിയ വയനാട്ടിലെത്തുമെന്നാണ് വിവരം.

ഈ മാസം 16നാണ് രാഹുല്‍ രണ്ടാംഘട്ട പ്രചരണത്തിന് വയനാട്ടിലെത്തുന്നത്. ഇതോടനുബന്ധിച്ചുള്ള പരിപാടികളിലാണ് സോണിയാ ഗാന്ധിയും സംബന്ധിക്കുന്നത്. നേരത്തെ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം എത്തിയാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇരുവരും നടത്തിയ റോഡ് ഷോ വയനാടിനെ ഇളക്കി മറിക്കുന്നതായിരുന്നു. സോണിയാ ഗാന്ധിയും പ്രചരണത്തിന് എത്തുമെന്ന് ഉറപ്പായതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.