എ. വിജയരാഘവന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: യു.ഡി.എഫ്

കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. ഊര്‍ജ്ജസ്വലയായ പൊതുപ്രവര്‍ത്തകയാണ് രമ്യ. അവിവാഹിതയായ ഒരു പെണ്‍കുട്ടിയെ ഇത്രയും മോശമായി അപമാനിക്കുന്നത് മനുഷ്യത്വരഹിതമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ചെന്ന് കാണുക എന്നത് അവരുടെ കടമയും ഉത്തരവാദിത്വവുമാണ്. അതിനെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ല.

സ്ത്രീകളോടുള്ള ഇടതുമുന്നണി നേതാക്കളുടെ മനോഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വശത്ത് നവോത്ഥാനവും ലിംഗസമത്വവും മറുവശത്ത് സ്ത്രീകളെ അപമാനിക്കലുമാണ് ഇടതുനേതാക്കള്‍ നടത്തുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പരാമര്‍ശത്തിനെതിരെ പരാതിയുമായി മുന്നോട്ടു പോകുന്ന രമ്യക്കും കുടുംബത്തിനും പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.