ദമ്മാം: ആറു ദിവസം മുൻപ് സന്ദർശക വിസയിൽ എത്തിയ രണ്ടു വയസ്സുകാരൻ ന്യുമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം ചോക്കാട്, കാഞ്ഞിരംപാടം കുത്രാടൻ ഷെമീർ- ജാസ്മിൻ ദമ്പതികളുടെ മകൻ അബ്ദുൽ ഹാദിയാണ് മരിച്ചത്. കഴിഞ്ഞ ഏഴിന് ഉമ്മക്കും സഹോദരനും ഒപ്പം എത്തിയ അബ്ദുൽ ഹാദിക്ക് പനി ബാധിച്ചതിനെ തുടർന്നാണ് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചത്. രണ്ട് ദിവസം സാദാ ചികിൽസകൾ നൽകി വിട്ടയച്ചുവെങ്കിലും രോഗത്തിന് ശമനം കാണാത്തതിനാൽ മൂന്നാം ദിവസം ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
ന്യൂമോണിയ ആണന്ന് സ്ഥിരീകരിച്ചുവെങ്കിലും കൂടുതൽ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ തങ്ങൾക്ക് ഇല്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു. ദമ്മാമിലെ മെറ്റേണിറ്റി ആശുപത്രിയെയും സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ വൻതുക ആദ്യം കെട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. സ്പോൺസറുടെ സഹായത്താൽ തുക കണ്ടെത്തി കെട്ടിവെച്ച് അവിടേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കുട്ടി മരിച്ചത്.
ഖോബാറിലെ പ്രമുഖ ആശുപത്രിയിൽ ന്യുമോണിയ ചികിൽസകൾക്കുള്ള സംവിധാനമില്ലെന്ന വാദം വിശ്വസിക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ ചികിൽസകൾ വൈകിപ്പിച്ചതായിരിക്കാം എന്നാണ് സംശയം . നാലു വയസ്സുകാരൻ മുഹമ്മദ് അലിയാണ് സഹോദരൻ . മയ്യത്ത് ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സന്ദർശക വിസയിൽ എത്തുന്നവർക്കും ഇൻഷുറൻസ് എടുക്കാറുണ്ട്. കുറഞ്ഞ തുകക്കുള്ള ഇൗ ഇൻഷുറൻസ് ഉപയോഗിച്ച് അടിയന്തര ചികിത്സകൾ സാധ്യമാകും. ഗുരുതര രോഗം ബാധിച്ച കുട്ടിയെ ചികിത്സിക്കാൻ ഇൻഷുറൻസ് പരിരക്ഷക്ക് വേണ്ടി കാത്തുനിൽക്കേണ്ടതില്ല എന്നാണ് നിയമം. കുട്ടിയുടെ രക്ഷിതാക്കളും സ്പോൺസറും അവസാനം വരെ അക്ഷീണ യത്നം നടത്തിയതിനു ശേഷമാണ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. എന്നാൽ അപ്പോഴേക്കും രോഗം കലശലായി കുട്ടി മരണപ്പെടുകയായിരുന്നു. ഇൻഷുറൻസ് കമ്പനികൾക്കും, ആശുപത്രിക്കുമെതിരെ നിയമപരമായി പരാതി നൽകുെമന്ന് സ്പോൺസർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.