അറ്റ്ലസ് രാമചന്ദ്രന്റെ ഭവനത്തിൽ ഒത്തുചേർന്ന ഇഫ്താർ സംഗമം വേറിട്ടതായി

9

ദുബായ്: ദുബായിൽ നടന്ന ഇഫ്താറിന് ഒരു വലിയ പ്രത്യേകത ഉണ്ടായിരുന്നു. കലാകാരനും വ്യാപാര പ്രമുഖനുമായ അറ്റ്ലസ് രാമചന്ദ്രന്റെ ഭവനത്തിൽ നിരവധി സുഹൃത്തുക്കൾ ഒത്തുചേർന്ന് അദ്ദേഹത്തെയും കുടുംബത്തെയും സ്നേഹപുരസ്സരം ചേർത്തുനിർത്തി ഐക്യ ദാർഢ്യ പ്രഖ്യാപനം പോലെ ഒരു നോമ്പ് തുറ വിരുന്ന് സംഘടിപ്പിച്ചു. തികച്ചും വ്യത്യസ്തമായ ഈ ഒത്തുചേരൽ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബഷീർ തിക്കോടിയായിരുന്നു.

ഇടയ്ക്ക് ഉണ്ടായ വ്യാപാര ക്ഷീണം മറന്ന് വീണ്ടും കച്ചവടത്തിന്റെയും കലയുടെയും മുഖ്യ ധാരയിലേക്ക് കടന്നു വരാൻ ഊർജം പകരുന്ന വിധമാണ് 40 ഓളം സുഹൃത്തുക്കൾ അറ്റ്ലസ് രാമചന്ദ്രനെയും കുടുംബത്തെയും സ്വീകരിച്ചത്. മൊയ്‌ദീൻ കോയ, നിസാർ സെയ്ദ്, നെല്ലറ ശംസുദീൻ, MCA നാസർ, ഷാബു കിളിത്തട്ടിൽ,ചാക്കോ ഊളക്കാടൻ, AAK മുസ്തഫ, മോഹൻകുമാർ ഷാർജ ബുക്ക് ഫെസ്റ്റിവൽ, തുടങ്ങി വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.

മുന്നെ അറ്റ്ലസ്‌ ഭവനത്തിൽ സ്ഥിരമായി സംഘടിപ്പിക്കപ്പെടാറുള്ള വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾക്ക് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് ഒരു ഒത്തുചേരൽ ഇപ്പോൾ ഉണ്ടാകുന്നത്. തന്റെ ജീവിതാനുഭവങ്ങളിൽ എക്കാലവും സ്മരിക്കപ്പെടുന്ന നിമിഷങ്ങളാണ് ഇന്നത്തെ ഇഫ്താർ നൽകുന്നതെന്ന് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. തന്റെ പ്രവർത്തനമേഖലയിലേക്ക് തിരികെവരാൻ ഈ സൗഹൃദം ആവേശം പകരുന്നതായും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. ഭാര്യ ഇന്ദു , മകൾ മഞ്ജു എന്നിവരും ഇഫ്താറിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർ അറ്റ്ലസ് രാമചന്ദ്രന്റെ ഛായാചിത്രം ഉയർത്തിപ്പിടിച്ചത് പ്രിയപ്പെട്ട നിമിഷങ്ങളായി മാറുകയായിരുന്നു