സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന് കെഎംസിസിയുടെ ഗ്രാൻഡ് ഇഫ്താർ

11

നോമ്പുതുറക്കൊപ്പം സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും മഹിതമായ സന്ദേശം കൈമാറി കൊണ്ടുള്ള ബഹ്‌റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ ജന ബാഹുല്യം കൊണ്ടും ചിട്ടയാർന്ന നടത്തിപ്പ് കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു.

ഈസ ടൌൺ ഇന്ത്യൻ സ്കൂളിൽ നടന്ന ത്യാഗ നിർഭരമായ സദസ്സിൽ സന്നിഹിതരാകാൻ സ്ത്രീകളും, കുട്ടികളും പുരുഷന്മാരുമടക്കം രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. ബഹ്‌റൈനിലെ വിശിഷ്ട വ്യക്തിത്വങ്ങളായ ഒസാമ അൽ അബ്‌സി (LMRA CEO), ഹസ്സൻ ബോക്കമ്മാസ് (Ex. MP), ഖാലിദ് യൂസഫ് അൽ ജനാഹി, ഹിഷാം അൽ അഡ്‌വാൻ, അലി അബ്ദുൽ കരീം, സോമൻ ബേബി, പി. വി. രാധാകൃഷ്ണ പിള്ള, പ്രിൻസ് ഇ. നടരാജ്, മുഹമ്മദ് സാക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മഗ്രിബിന്റെ ബാങ്കോലി ഇന്ത്യൻ സ്കൂളിലെ ഓഡിറ്റോറിയത്തെ ഭക്തി സാന്ദ്രതയിലേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ ആയിരങ്ങൾ കെഎംസിസി ഒരുക്കിയ ഇഫ്താർ മീറ്റിന്റെ ഭാഗമാകുകയായിരുന്നു. സ്നേഹ നിർഭരമായ തലോടലോടെ കെഎംസിസി വളന്റീർമാർ ഒരുക്കിയ സേവനം ഊഷ്മളതയുടെ പ്രതീകമായി മാറി. ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തവർക്ക് സ്നേഹവിരുന്നൊരുക്കിയ കെഎംസിസി സേവകരുടെ സ്നേഹസമ്പന്നത കൂടുതൽ വിളിച്ചോതുന്നതായിരുന്നു പരിശുദ്ധവും പരിപാവനവുമായ പരിശുദ്ധ റമദാനിന്റെ മൂന്നാമത്തെ പത്തിൽ ഒരുപക്ഷെ ആയിരം മാസങ്ങളേക്കാൾ പുണ്യമേറെയുള്ള ലൈലത്തുൽ ഖദ്ർ ആകാൻ സാധ്യതയുള്ള പുണ്ണ്യ ദിനത്തിലൊരുക്കിയ ബഹ്‌റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ.

സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകൾ ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തു. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ എല്ലാ ഏരിയ ഓഫീസുകളിലും ദിവസവും ആയിരങ്ങളെ നോമ്പ് തുറപ്പിക്കുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ഏരിയകളിലെ നോമ്പ് തുറകൾക്ക് പുറമെയാണ് സംസ്ഥാന കമ്മിറ്റി ഗ്രാൻഡ് ഇഫ്താർ ഒരുക്കിയത്.