സി.പി.എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസില്‍ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍: ഏറെ കോളിളക്കമുണ്ടാക്കിയ സി.പി.എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസില്‍ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. കൂടാതെ ഒരു ലക്ഷം രൂപ വീതം പിഴയും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(1) ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ പകുതി തുക കൊല്ലപ്പെട്ട പവിത്രന്റെ കുടുംബത്തിന് നല്‍കാനും കോടതിവിധിച്ചു. ജീവപര്യന്തം തടവിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി സംഘം ചേര്‍ന്നതിന് നാല് മാസവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ടര വർഷവും ആയുധവുമായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് മൂന്ന് വർഷവും തടഞ്ഞുവെച്ച് ആക്രമിച്ചതിന് ഒരുമാസവും ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. നേരത്തെ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും.

2007 നവംബര്‍ മാസം ആറാം തീയതി രാവിലെ 5.45-നാണ് പവിത്രന്‍ ആക്രമിക്കപ്പെടുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതികളുടെ വെട്ടറ്റ് ഗുരുതരമായി പരിക്കേറ്റ പവിത്രന്‍  2008 ആഗസ്റ്റ് 10-ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. കതിരൂര്‍ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ പൊന്ന്യം ചെങ്കളത്തില്‍ വീട്ടില്‍ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ വീട്ടിൽ കെ.മഹേഷ് (38) എന്നിവരാണ് ശിക്ഷ വിധിക്കപ്പെട്ട പ്രതികൾ. എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചു.