ദുബായിൽ 8 വയസ്സുകാരൻ പോലീസ് ആയത് ഇങ്ങനെ !

ദുബായ്: എട്ടുവയസ്സുകാരൻ അലി ഇബ്രാഹിമിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോൾ പോലീസ് ആകണമെന്നത്. എന്നാൽ അതിനുമുൻപേ തന്നെ ഈ വിശുദ്ധ മാസത്തിൽ അലിയുടെ ആഗ്രഹം ദുബായ് പോലീസ് യാഥാർഥ്യമാക്കി.

ഇമറാത്തി ബാലൻ പഠിച്ച സ്കൂളിൽനിന്നാണ് കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് മുറക്കാബാദ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ആലി അഹ്മദ് ഗാനിം പറഞ്ഞു. ഇതറിഞ്ഞപ്പോൾ ഉടൻതന്നെ അലിയെ ഒരു ദിവസത്തേക്ക് യൂണിഫോം അണിഞ്ഞ പോലീസ് ഉദ്യോഗസ്ഥനാക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കി. ഒടുവിൽ അലി ഇബ്രാഹിം ഒരു ദിവസത്തേക്ക് പോലീസ് കസേരയിലിരുന്ന് ജോലി നോക്കുകയും ചെയ്തു. പോലീസായി അലി വെറുതെയിരുന്നില്ല. സ്റ്റേഷനിലെ വിവിധ ഡിപ്പാർടുമെന്റുകൾ സന്ദർശിച്ചു. ക്രിമിനൽ റെക്കോർഡുകൾ സൂക്ഷിയ്ക്കുന്ന രീതികൾ കണ്ടുമനസ്സിലാക്കി. പോലീസ് കാറിൽ പട്രോളിങ് സംഘത്തിന്റെ കൂടെ റോന്തുചുറ്റി. ഒടുവിൽ വലിയ പോലീസിന്റെ കൈയിൽനിന്ന് സല്യൂട്ടും സ്വീകരിച്ചു.

അലിയുടെ ഒരു ദിവസത്തെ അനുഭവങ്ങൾ ദുബായ് പോലീസ് ഒരു വീഡിയോയിലൂടെ ട്വിറ്ററിൽ പങ്കുവെച്ചു. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച് ദുബായ് പോലീസ് ഒട്ടേറെ സംരംഭങ്ങൾ നടപ്പാക്കുന്നുണ്ട്. പോലീസും വിദ്യാർഥികളും തമ്മിലുള്ള സൗഹൃദം വളർത്തുകയാണ് അതിലൊന്ന്. ഇതിന്റെ ഭാഗമായാണ് അലിക്ക് ഇത്തരമൊരു അവസരം ലഭിച്ചത്