റംസാൻ അപകടരഹിതമാക്കാൻ ആർ.ടി.എയുടെ ബോധവത്കരണം

ദുബായ്: ക്ഷീണവും ഉറക്കക്കുറവും കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ വാഹനയുടമകളെ ബോധവത്കരിക്കാൻ ഒരുങ്ങുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അപകടരഹിതമായ റംസാൻ എന്ന പ്രമേയത്തിന് കീഴിൽ റംസാനിൽ റോഡ് സുരക്ഷയ്ക്കായി ഓരോ ഡ്രൈവറും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആർ.ടി.എ. വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രാലയവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ വഴിയും പ്രധാന റോഡുകളിൽ ബോർഡുകളായും വാഹനഉടമകൾക്കുള്ള നിർദേശങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന് നിർദേശിച്ചുകൊണ്ട് മൂന്ന് ലക്ഷത്തിലധികം ടെക്സ്റ്റ് മെസ്സേജുകളും ആർ.ടി.എ. അയച്ചു കഴിഞ്ഞു. ഉറങ്ങുന്നസമയത്തിലുള്ള വ്യത്യാസം, ജോലി സമയത്തിലെ മാറ്റം, റോഡിലെ തിരക്ക് തുടങ്ങിയവയെല്ലാം ഡ്രൈവിങ്ങിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ അതിവേഗം ഒഴിവാക്കി പരമാവധി ജാഗ്രത പുലർത്തി വണ്ടിയോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. ക്ഷീണം തോന്നുകയാണെങ്കിൽ വിശ്രമിച്ചതിന് ശേഷം യാത്ര തുടരാം.

ട്രക്കുകളുടെ സമയം മാറും

റംസാനിൽ റോഡ് സുരക്ഷ കണക്കിലെടുത്ത് പ്രധാന റോഡുകളിലെ ട്രക്കുകളുടെ സമയം മാറ്റിയിട്ടുണ്ട്. ഹൈവേകളിലും പ്രധാന റോഡുകളിലും രാവിലെ 7.30 മുതൽ 9.30വരെ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഇ 11-ൽ രാവിലെ ഏഴു മുതൽ പതിനൊന്ന് മണി വരെയാണ് ട്രക്കുകൾക്ക് വിലക്കുള്ളത്. ട്രക്കുകളുടെ വിശ്രമകേന്ദ്രങ്ങളിലും ആർ.ടി.എ. റംസാനിലെ റോഡ് സുരക്ഷ സംബന്ധിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തു.