മനാമ: ഇ-ഗവൺമമെന്റ് സേവനങ്ങളില്‍ 81 ശതമാനം ഉപഭോക്താക്കളും തൃപ്തരാണെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇ-ഗവൺമെന്റ് സേവനങ്ങളെക്കുറിച്ച് 93.4 ശതമാനം പേരും ബോധവാന്മാരാണ്. അമേരിക്കന്‍ മോഡലിലാണ് ഉപഭോക്തൃ സംതൃപ്തി കണക്കാക്കിയത്. മൂന്ന് വിഭാഗങ്ങളിലായി 5,000 പേരില്‍ നടത്തിയ സര്‍വേ വഴിയാണ് ഇത് കണ്ടത്തെിയിട്ടുള്ളത്.
വ്യക്തികള്‍, സര്‍ക്കാര്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലംബിച്ചായിരുന്നു സര്‍വേ. ഇ-ഗവൺമെന്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രസ്തുത സര്‍വേ. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയിലെ റിസര്‍ച്ച് സെന്റർ ആണ് ഇതിന് ഇപ്രാവശ്യവും നേതൃത്വം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ടീം തന്നെയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇ-ഗവൺമെന്റ് സേവനത്തെക്കുറിച്ച അവബോധം ഏഴ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇ ഗവൺമെന്റ് -സേവനങ്ങളെ സംബന്ധിച്ച് നല്കുന്ന പരസ്യങ്ങളാണ് ഇതിന് മുഖ്യ കാരണം. 2017ല്‍ ഇ^-സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ 85 ശതമാനം ആയിരുന്നെങ്കില്‍ 2018ല്‍ അത് 88 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ ഉപഭോക്തൃ സംതൃപ്തി 77 ശതമാനമായിരുന്നത് 2018ല്‍ 81 ശതമാനമായും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.