ദുബായിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 2 പേർ പിടിയിൽ

7

ദുബായ്: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ പണം കവര്‍ന്ന സ്ത്രീക്കും പുരുഷനുമെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 39കാരനായ ഫിലിപ്പൈന്‍ പൗരനെയാണ് മദ്യപിച്ചെന്നാരോപിച്ച് വാഹനത്തില്‍ കയറ്റുകയും മര്‍ദിക്കുകയും ചെയ്തത്. തുടര്‍ന്ന് പണം തട്ടിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. പ്രതികള്‍ രണ്ട് പേരും സ്വദേശികളാണ്.

മോഷണത്തിന് പുറമെ അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, ആള്‍മാറാട്ടം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉച്ചയ്ക്ക് 2.30ന് ജുമൈറയില്‍ വെച്ച് ഫിലിപ്പൈന്‍ പൗരന് സമീപം കാര്‍ നിര്‍ത്തിയ പ്രതികള്‍ തങ്ങള്‍ സിഐഡി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തില്‍ കയറിയതോടെ പഴ്സ് ആവശ്യപ്പെട്ടു. പഴ്സ് കൊടുത്തപ്പോള്‍ തലയില്‍ മര്‍ദിച്ചു.

മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഫിലിപ്പൈനി ഇല്ലെന്നാണ് മറുപടി പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോള്‍ പഴ്സ് പുറത്തേക്ക് എറിഞ്ഞു. പോയി എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട് തൊഴിലാളിയെ കാറില്‍ നിന്ന് പുറത്തിറക്കി. പഴ്സ് എടുക്കാന്‍ പോയ സമയം കൊണ്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു. പഴ്സ് പരിശോധിച്ചപ്പോള്‍ പണം നഷ്ടമായെന്ന് കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത ശേഷം തൊഴിലാളി ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. ഇവര്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.