മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്ത് -കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു. ജൂൺ ഒന്നുമുതലാണ് പ്രതിദിന സർവിസിന് തുടക്കമാവുകയെന്ന് ഗോ എയർ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈ വർഷം ഒക്ടോബർ 26 വരെ പ്രതിദിന സർവിസുകൾ തുടരും. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയർ കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് സർവിസ് ആരംഭിച്ചത്.
പ്രതിദിനം മൂന്ന് സർവിസുകളാണ് ഇപ്പോഴുള്ളത്. ഗോ എയറിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും മിഡിലീസ്റ്റിലെ ആദ്യത്തേതുമാണ് ഒമാൻ. ആഴ്ചയിൽ ഏഴ് സർവിസുകൾ നടത്താൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ഗോ എയറിന് നേരത്തേ അനുമതി നൽകിയിരുന്നു. മസ്കത്തിൽ നിന്ന് പുലർച്ച 12.15ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം 5.10നാണ് കണ്ണൂരിൽ എത്തുക. കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 11.15നാണ് മസ്കത്തിൽ ഇറങ്ങുക.
113 റിയാൽ മുതൽ 158 റിയാലാണ് ജൂൺ ആദ്യത്തിൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകൾ. ഉയർന്ന ആവശ്യം മുൻനിർത്തിയാണ് പ്രതിദിന സർവിസുകൾ ആരംഭിക്കുന്നതെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെഹ് വാദിയ പറഞ്ഞു. സ്കൂൾ, ചെറിയ പെരുന്നാൾ അവധിക്കാലത്ത് നാട്ടിൽ പോകുന്നവർക്ക് പ്രതിദിന സർവിസ് ഉപകാരപ്പെടും.