മസ്കത്ത്: ഇറാൻ ഉപ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഗ്ചി ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയുമായി കൂടിക്കാഴ്ച നടത്തി. ആദ്യഘട്ട ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഒമാൻ സന്ദർശനം. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണത്തിനൊപ്പം മേഖലയിലെ സ്ഥിതി വിശേഷങ്ങളും ചർച്ച ചെയ്തതായി ഒമാൻ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പേർഷ്യൻ-ഗൾഫ് മേഖലയിൽ സമാധാനവും ഭദ്രതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറഗ്ചി കൂടികാഴ്ചയിൽ ഉണർത്തിയതായി ഇറാനിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഉള്ള സംഭാഷണ സാധ്യതകൾ അദ്ദേഹം തള്ളി. പേർഷ്യൻ-ഗൾഫ് മേഖലയിലെ എല്ലാ രാഷ്ട്രങ്ങളുമായും പരസ്പര ബഹുമാനത്തിലും ഉഭയകക്ഷി താൽപര്യത്തിലും അധിഷ്ഠിതമായ സന്തുലിതവും നിർമാണാത്മകവുമായ ബന്ധം വളർത്തിയെടുക്കാൻ ഇറാൻ തയാറാണെന്നും ഉപ വിദേശകാര്യ മന്ത്രി പറഞ്ഞു.
മേഖലയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. ഉപരോധം അവസാനിപ്പിക്കുകയും സാമ്പത്തിക സഹകരണത്തിന്റെ ഗുണഫലങ്ങൾ എല്ലാ രാജ്യങ്ങൾക്കും ലഭിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാൽ മേഖലയിൽ സമാധാനവും ഭദ്രതയും ഉറപ്പാക്കാൻ കഴിയുമെന്നും ഡോ. അബ്ബാസ് അറഗ്ചി പറഞ്ഞു. രണ്ടും മൂന്നും ഘട്ട ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അബ്ബാസ് അറഗ്ചി ഖത്തറും കുവൈത്തും സന്ദർശിക്കും.