ഏറ്റവും അപകടകരമായ അവസ്ഥയാണ് ഗൾഫ് മേഖല നേരിടുന്നതെന്ന് കുവൈത്ത് അമീർ

12

കുവൈത്ത് സിറ്റി : ഗൾഫ് മേഖല നേരിടുന്നത് ഏറ്റവും ഗുരുതരവും അപകടകരവുമായ അവസ്ഥയാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. കുവൈത്ത് വിദേശ കാര്യ മന്ത്രാലയ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സാഹചര്യം കണക്കിലെടുത്തു നയതന്ത്ര പ്രതിനിധികൾ തങ്ങളുടെ ഉത്തരവാദിത്വം ഇരട്ടിയാക്കി നടപ്പിൽ വരുത്തണമെന്നും അമീർ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ സഹായം ആവശ്യപ്പെടുന്ന ഏതൊരു പ്രദേശത്തും നടത്തി വരുന്ന സഹായഹസ്തം മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതാണെന്നും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് ആൻഡ് കുവൈത്ത് ചാരിറ്റബിൾ സ്ഥാപനം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നും അമീർ ചൂണ്ടികാണിച്ചു.

അമീറിനോടൊപ്പം കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹും ദേശീയ സേന ഉപ മേധാവി ഷെയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹും സന്നിഹിതരായിരുന്നു.

ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് കൂടാതെ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അൽ ജാറള്ളയും ചേർന്നു അമീറിനെ സ്വീകരിച്ചു.

ഇരുണ്ട രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് മേഖല കടന്ന് പോകുന്നതെന്നും സഹോദര രാജ്യങ്ങളുമായി ഏറ്റവും നല്ല നയതന്ത്ര സഹകരണം ഉറപ്പ് വരുത്തണമെന്നും അമീർ ഷെയ്ഖ് സബാഹ് ആവശ്യപ്പെട്ടു.