ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുമായി ഒരുകൂട്ടം യുവാക്കൾ

25

ദുബായ്: നോമ്പ് അനുഷ്ഠിക്കുന്ന പോലെ പുണ്യവത്തായ നോമ്പു തുറപ്പിക്കലിനും ഓരോ ദിവസം കഴിയുന്തോറും ഔത്സുക്യം ഏറി വരികയാണ്. സമൂഹ നോമ്പു തുറയുടെ ചൈതന്യതയെ കൂടുതൽ ജീവസ്സുറ്റതാക്കി കൊണ്ട് ബിസിനസ് സ്ഥാപനങ്ങളും ഈ കാരുണ്യപ്രക്രിയയിൽ കൈ കോർത്ത് നിൽക്കുന്നത് ഒരു ഹൃദയവർജകമായ കാഴ്ചയാണ്. ലേബർ ക്യാമ്പുകളെ കേന്ദ്രീകരിച്ചാണ് ഇവരുടെ നോമ്പ് തുറ കിറ്റ് വിതരണം. പള്ളികളോ ഇഫ്‌താർ ടെന്റുകളോ സമീപത്തെങ്ങും ഇല്ലാത്ത ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്. വ്യാപാര സ്ഥാപനങ്ങളുടെ ഫണ്ട് എറ്റു വാങ്ങി ഹോട്ടലുകളിൽ ഓർഡർ നൽകി കിറ്റുകൾ (ബിരിയാണിക്കു പുറമെ ഈത്തപ്പഴം, വെള്ളം, കട്ട് ഫ്രൂട്സ് എന്നിവ അടങ്ങിയത്) ക്യാമ്പുകളിൽ എത്തിച്ചു വിതരണം ചെയ്യാൻ നാലു ചെറുപ്പക്കാരുടെ ഒരു സംഘം പ്രവർത്തിക്കുന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തു പറയാം. ആദിൽ സാദിഖ്, അബ്ദുൽ ഹഖ്, ദിഷാൻ, സാദിഖ് കുറ്റനാട് എന്നിവർ കഴിഞ്ഞ റംസാൻ കാലത്തും ഇതു പോലെ സന്നദ്ധ സേവനം നടത്തി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

ഇത്തരത്തിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിൽ നിസ്വാർത്ഥതയോടെ തങ്ങൾ പങ്കെടുക്കുന്നത് കർമ്മഫലം നേടുന്നതിനൊപ്പം കൂടുതൽ ചെറുപ്പക്കാർ ഈ രംഗത്തേക്ക് കടന്നു വരാൻ കൂടിയാണെന്ന് ഇവർ പറയുന്നു. ഇഫ്‌താർ കിറ്റ് നൽകുവാൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്കു ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 0547700788