ന്യൂഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെുപ്പ് ഞായറാഴ്ച നടക്കും. ഏഴു സംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഏഴു ഘട്ടത്തിലായി ഒരു മാസത്തിലേറെ നീണ്ട വോട്ടെടുപ്പ് പ്രക്രിയക്ക് ഇതോടെ സമാപനമാകും. 542 ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഞായറാഴ്ച പൂർത്തിയാകുക. തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പു കമീഷൻ റദ്ദാക്കി. കേരളം, അരുണാചൽ, ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിൽ ചില ബൂത്തുകളിൽ റീപോളിങ്ങും ഞായറാഴ്ച നടക്കും.
ഏപ്രിൽ 11, 18, 23, 29, മെയ് 6, 12 തീയതികളായി ആറു ഘട്ടമാണ് ഇതിനകം പൂർത്തിയായത്. പഞ്ചാബിൽ ആകെയുള്ള 13 മണ്ഡലത്തിലും ഹിമാചലിൽ ആകെയുള്ള നാലു മണ്ഡലത്തിലും ചണ്ഡീഗഢിലെ ഒരു മണ്ഡലത്തിലും അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ്. ഇതിനുപുറമെ യുപിയിൽ ശേഷിക്കുന്ന 13 മണ്ഡലത്തിലും ബംഗാളിൽ ഒമ്പതു സീറ്റിലും ബിഹാറിലും മധ്യപ്രദേശിലും എട്ടു സീറ്റിലും ജാർഖണ്ഡിൽ മൂന്നു സീറ്റിലും അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരാണസിയാണ് ശ്രദ്ധേയ മണ്ഡലങ്ങളിലൊന്ന്. നിശ്ശബ്ദ പ്രചാരണദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തി. ബിജെപി അധ്യക്ഷൻ അമിത് ഷാ സോമനാഥ് ക്ഷേത്രത്തിൽ പൂജ നടത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തി. നായിഡു പിന്നീട് അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനായി ലഖ്നൗവിലെത്തി. നേരത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ് എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി.
കണ്ണൂർ, കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴുബൂത്തിൽ ഞായറാഴ്ച റീപോളിങ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാസർകോട് തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ കൂളിയാട് ജിഎച്ച്എസ് ന്യൂബിൽഡിങ് (ബൂത്ത് നമ്പർ 48), കല്യാശേരിയിലെ പിലാത്തറ യുപി (ബൂത്ത് നമ്പർ 19), പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക് (ബൂത്ത് നമ്പർ 69), ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് (ബൂത്ത് നമ്പർ 70), കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ധർമടം നിയോജകമണ്ഡലത്തിലെ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത് (ബൂത്ത് നമ്പർ 52), കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് (ബൂത്ത് നമ്പർ 53) തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപിഎസ് (ബൂത്ത് നമ്പർ 166) എന്നിവിടങ്ങളിലാണ് റീപോളിങ്. വോട്ടർമാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക.