ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രീമിയം പട്ടികയിൽ ‘ഫിനാബ്ലർ’ 

15
അബുദാബി: പ്രശസ്തമായ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രീമിയം വിഭാഗത്തിൽ, ഡോ.ബി.ആർ. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഹോൾഡിങ് കമ്പനിയായ ഫിനാബ്ലർ പ്രവേശം നേടി. ഇതോടെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പ്രധാന വിപണികളിൽ ഫിനാബ്ലറിന്റെ ഓഹരികൾ വില്ക്കാനും തങ്ങളുടെ സേവനമേഖല വിപുലപ്പെടുത്താനും ഫിനാബ്ലറിന് സാധിക്കും.  ഇന്നലെ (മെയ് 15, ബുധൻ) ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്തു നടന്ന ആചാരപരമായ ഔപചാരികച്ചടങ്ങിൽ ഫിനാബ്ലർ സ്ഥാപകനും കോ-ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി, എക്സിക്യൂട്ടീവ് ഡയറക്ടർ ബിനയ് ഷെട്ടി, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് എന്നിവർ അംഗീകാരപത്രം ഏറ്റുവാങ്ങി. യു.എ.ഇ. എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി, യൂനിമണി, റെമിറ്റ് റ്റു ഇന്ത്യ, ഡിറ്റോ ബാങ്ക്, സ്വിച്ച് എന്നീ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഫിനാബ്ലർ ഹോൾഡിങ്‌സ്, മണി റെമിറ്റൻസ്, ഫോറിൻ കറൻസി എക്സ്ചേഞ്ച് തുടങ്ങിയ രംഗങ്ങളിൽ ഇക്കാലമത്രയും അർപ്പിച്ച കുറ്റമറ്റ സേവനങ്ങളും ഉത്‌പന്ന വൈവിധ്യവും സാങ്കേതിക നവീകരണവും വഴി ആഗോളതലത്തിൽ നേടിയെടുത്ത കാര്യക്ഷമതയും പ്രവർത്തനമേന്മയും വിലയിരുത്തിയാണ് ഈ വലിയ അംഗീകാരം. ആധുനിക സംരംഭകത്വ വൈദഗ്ധ്യം,  ആഴത്തിലുള്ള നിയമവിജ്ഞാനം, നൂതനത്വവും പങ്കാളിത്തവും ഉൾക്കൊള്ളാനുള്ള സന്നദ്ധത എന്നിവയിലൂടെ തങ്ങളുടെ വ്യവസായ മേഖലയിൽ ഫിനാബ്ലർ ബ്രാൻഡുകൾ നടത്തിയ വിപ്ലവകരമായ മുന്നേറ്റങ്ങളും ഓഹരിവിപണിയിലേക്കുള്ള ഈ പ്രവേശത്തിന് മാനദണ്ഡങ്ങളായിട്ടുണ്ട്.  
 
ഇക്കഴിഞ്ഞ വർഷത്തിൽ 150 ദശലക്ഷം ഇടപാടുകളിലൂടെ ഏകദേശം 115 ബില്യൺ ഡോളറാണ് ഫിനാബ്ലർ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ വിനിമയം നടത്തിയത്. 170 രാജ്യങ്ങളിലായി ആഗോള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, റീടെയ്‌ലർമാർ, മൊബൈൽ വാലെറ്റ് ദാതാക്കൾ, സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങി നൂറിലേറെ അധികൃത സ്ഥാപനങ്ങളുമായി ഫിനാബ്ലർ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള കുടിയേറ്റ പ്രവണതകളും തൊഴിൽ സാധ്യതകളും അതുണ്ടാക്കുന്ന പണമിടപാട് അവസരങ്ങളും കൃത്യമായ പഠനങ്ങളിലൂടെ മനസ്സിലാക്കി, ജനങ്ങൾക്ക് ഏറ്റവും സൗകര്യകരവും ഉപകാരപ്രദവും സമയോചിതവുമായ ധനവിനിമയ മാർഗങ്ങൾ അവലംബിച്ചാണ് ഫിനാബ്ലർ മുന്നേറുന്നത്. 1.6 ബില്യൺ ഡോളറിന്റെ (1.23 ബില്യൺ പൗണ്ട്) വിപണി മൂലധനം തിട്ടപ്പെടുത്തിയ ഫിനാബ്ലറിന് ഭാവിപദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി 200 ദശലക്ഷം ഡോളർ (153 ദശലക്ഷം പൗണ്ട്) ഓഹരി സമാഹരണമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭത്തിൽ അനുവദിച്ചിട്ടുള്ളത്. ‘FIN LN’ എന്ന ടിക്കറിലാണ് ഫിനാബ്ലറിന്റെ സാധാരണ ഓഹരികൾ ലഭ്യമാവുക.
ഫിനാബ്ലറിന്റെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവേശം തങ്ങളുടെ വളർച്ചക്കും വികസനത്തിനും വലിയ ഊർജ്ജം പകരുന്ന ചരിത്രപരമായ മുഹൂർത്തമാണെന്നും ഓഹരി പങ്കാളികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ മൂല്യം നല്കുവാൻ ഇത് കാരണമാകുമെന്നും ഫിനാബ്ലർ സ്ഥാപകനും കോ-ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ഈ വലിയ നാഴികക്കല്ലിലേക്കു തങ്ങളെ എത്തിച്ചത് ലോകത്തുടനീളമുള്ള പ്രതിബദ്ധരായ ഫിനാബ്ലർ ജീവനക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദശകങ്ങളിലൂടെ അംഗ സ്ഥാപനങ്ങൾ ആർജ്ജിച്ച നേട്ടങ്ങളും പരിചയസമ്പത്തും കൈമുതലാക്കി ഫിനാബ്ലർ നടത്തിയ ഈ മുന്നേറ്റം തങ്ങളുടെ ഓഹരി ഉടമകൾക്ക് ദീർഘകാല നേട്ടങ്ങൾ സമ്മാനിക്കുമെന്ന് കോ-ചെയർമാൻ മൈക്കേൽ ടോമാലിനും കൂട്ടിച്ചേർത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രീമിയം കാറ്റഗറിയിൽ ഇടം ലഭിച്ച ഫിനാബ്ലർ, ധനവിനിമയ വ്യവസായത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സർവ്വ സാധ്യതകളും ഉപയോഗപ്പെടുത്തി വളർച്ചയുടെയും വിജയങ്ങളുടെയും പുതിയ അധ്യായങ്ങൾ കുറിക്കുമെന്ന് ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ സൂക്ഷ്മചലനങ്ങൾ മനസ്സിലാക്കി ഉപഭോക്താക്കളെയും ഓഹരി ഉടമകളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സംരംഭങ്ങളാണ് ആവിഷ്കരിക്കുന്നതെന്നും തങ്ങളുടെ സംഘബോധമാണ് എല്ലാത്തിന്റെയും കരുത്തെന്നും അദ്ദേഹം സൂചിപ്പിച്ചു.