ദോഹ: നോമ്പെടുത്താൽ ഇവിടെ പലതുണ്ട് കാര്യം. നോമ്പുതുറക്കാൻ എത്തിയാൽ കാർ അടക്കമുള്ള സമ്മാനങ്ങൾ നൽകും ഇൗ പള്ളിയിൽ. ബമ്പർ സമ്മാനമായ കാറിനുപുറമേ എല്ലാദിവസവും മൊബൈൽ അടക്കമുള്ള സമ്മാനങ്ങൾ. ഖത്തറിലെ അൽവാബ് സ്ട്രീറ്റിനടുത്തുള്ള ശൈഖ് ഹമദ് ബിൻ അബ്ദുല്ല ബിൻജാസിം ആൽഥാനിയുടെ കുടുംബ പള്ളിയാണ് രസികൻ ഒാഫർ ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മക്കളായ സുഹൈം, നാസർ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
മഗ്രിബ് ബാങ്ക് കൊടുത്തയുടൻ നോമ്പുതുറക്കാനായി ഇൗത്തപ്പഴവും വെള്ളവുമാണ് നൽകുക. നമസ്കാര ശേഷം പള്ളിയുടെ മുന്നിൽ തയാറാക്കിയ വിശാലമായ ടെൻറിലേക്ക് പോകണം. അവിടെ നീളൻ മേശയിൽ എല്ലാവർക്കും ചിക്കൻ മജ്ബൂസും മധുരവും വെള്ളവും ഉണ്ടാകും. ഒപ്പം ഒരു കൂപ്പണും. ഭക്ഷണം കഴിക്കുന്നതിന് മുമ്പേ കൂപ്പൺ പോക്കറ്റിൽ സുരക്ഷിതമാക്കണം. അതിലാണ് ഭാഗ്യം കിടക്കുന്നത്. ഭക്ഷണം കഴിച്ച് പോകുമ്പോൾ കിട്ടാത്തവർക്ക് വരി നിന്ന് കൂപ്പൺ വാങ്ങുകയും ചെയ്യാം. പള്ളിയുടെ മുന്നിലാണ് നറുക്കെടുപ്പ്.
എല്ലാ കൂപ്പണുകളുടെയും നമ്പർ വലിയ പെട്ടിയിൽ നിക്ഷേപിച്ചിരിക്കും. നറുക്കെടുത്ത് മൈക്കിലൂടെ അന്നന്നത്തെ വിജയനമ്പർ വിളിച്ചുപറയും. മൊബൈൽ, ടാബ്ലെറ്റ് തുടങ്ങിയ സമ്മാനങ്ങളാണ് എല്ലാ ദിവസവും കാത്തിരിക്കുന്നത്. സമ്മാനം അടിച്ച കൂപ്പണുമായി അപ്പോൾ തന്നെ ആൾ എത്തണം. അതില്ലെങ്കിൽ അടുത്ത നറുക്കെടുക്കും. റമദാൻ അവസാന ദിവസമാണ് ബംബർ സമ്മാനത്തിനുള്ള നറുക്കെടുപ്പ് നടത്തുക. നിസാൻ സണ്ണി കാറാണ് സമ്മാനം. ഇൗ കാർ പള്ളിമുറ്റത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. സമ്മാനപദ്ധതിയുടെ വിവരങ്ങൾ ഉള്ള ബോർഡ് പള്ളിയുടെ മുൻവശം സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും കേട്ടറിഞ്ഞ് ഇൗ പള്ളിയിൽ എത്തുന്നവരുടെ എണ്ണം കൂടുകയാണ്. നല്ലൊരു നോമ്പുതുറക്കലിനൊപ്പം സമ്മാനവും അടിച്ചാലോ…?