4 എം.എൽ.എമാർക്ക് എംപി പ്രൊമോഷൻ, ഇനി ഉപതെരഞ്ഞെടുപ്പ് !

29

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സിറ്റിങ് എം.എൽ.എമാർ വിജയമുറപ്പിച്ചതോടെ സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എറണാകുളം, കോന്നി, വട്ടിയൂർക്കാവ്, അരൂർ നിയമസഭ മണ്ഡലങ്ങളാണ് ഇനി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ ഒമ്പത് എം.എൽ.എമാർ മത്സരിച്ചെങ്കിലും അഞ്ച് പേർ പരാജയപ്പെടുകയായിരുന്നു.

കോന്നി എം.എൽ.എ.യായ അടൂർ പ്രകാശ് ആറ്റിങ്ങലിൽ എ. സമ്പത്ത് എം.പിയെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തുന്നത്. സി.പി.എം. ഉറച്ചസീറ്റെന്ന് വിശ്വസിച്ചിരുന്ന ആറ്റിങ്ങലിൽ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടിയാണ് അടൂർ പ്രകാശ് കരുത്തു കാട്ടിയത്.

എറണാകുളം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഹൈബി ഈഡനും ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയ തീരം തൊട്ടു. ഇതോടെ എറണാകുളത്തും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

വടകരയിൽ പി. ജയരാജനെ തളയ്ക്കാനുള്ള ദൗത്യമായെത്തിയ കെ. മുരളീധരൻ മികച്ച ഭൂരിപക്ഷത്തോടെയാണ് ആ ദൗത്യം നിറവേറ്റിയത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ. മുരളീധരന്റെ മുന്നേറ്റം. ഇതോടെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകും. കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു വട്ടിയൂർക്കാവിൽ രണ്ടാമത്. അതിനാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി.യും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

കേരളത്തിൽ സി.പി.എമ്മിന്റെ മാനംകാത്ത സ്ഥാനാർഥിയാണ് എ.എം. ആരിഫ്. സംസ്ഥാനത്തെ 19 മണ്ഡലങ്ങളും നഷ്ടപ്പെട്ടിട്ടും ആലപ്പുഴയിൽ ചെങ്കൊടി നാട്ടിയ എ.എം. ആരിഫ് അരൂർ എം.എൽ.എയാണ്. എന്തായാലും ആരിഫ് ലോക്സഭയിലേക്കെത്തുന്നതോടെ അരൂരിലും ഉടൻതന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകും.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ, ആറന്മുള എം.എൽ.എ. വീണ ജോർജ്. കോഴിക്കോട് നോർത്ത് എം.എൽ.എ. എ. പ്രദീപ് കുമാർ, നെടുമങ്ങാട് എം.എൽ.എ. സി. ദിവാകരൻ, അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ എന്നിവർ പരാജയത്തിന്റെ കയ്പറിഞ്ഞു.