തിരുവനന്തപുരത്ത് ജപ്തി ഭീഷണിയിൽ അമ്മയും മകളും തീ കൊളുത്തി, മകൾ മരിച്ചു

23

തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ. നെയ്യാറ്റിൻകര മാരായമുട്ടത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാങ്ക് ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ഒരുമിച്ച് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. മകൾ 19 വയസുകാരി വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അമ്മ ലേഖ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ദേഹത്ത് തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.

കാനറാ ബാങ്കിൽ നിന്നും വർഷങ്ങൾക്കു മുമ്പ് കുടുംബം 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു, പലപ്പോഴായി പണം തിരിച്ചടച്ചെങ്കിലും അതൊക്കെ തവണകൾ മുടങ്ങിയതിന്റെ
പലിശയിനത്തിലേക്കാണ് വകയിരുത്തിയത്. ആറ് ലക്ഷത്തോളം രൂപ വീണ്ടും കുടിശിഖ വന്നതിന്റെ അടിസ്ഥാനത്തിലാണ് നിരവധി അറിയിപ്പുകൾക്ക് ശേഷം ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകിയത്. ഇതിൽ മനം നൊന്താണ് തിരിച്ചടയ്ക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം ജപ്തി ഭീഷണി ഉണ്ടായെന്ന ആരോപണം കാനറാ ബാങ്ക് അധികൃതർ നിഷേധിച്ചു. പ്രത്യേകിച്ചും നാട് പ്രളയ ദുരിതമനുഭവിക്കുന്ന ഈ പശ്ചാത്തലത്തിൽ ജപ്തി നടപടികളിലേക്ക് പോകില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.