മസ്കത്ത്: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിതയെന്ന ബഹുമതി നാദിറ അൽ ഹാർത്തി സ്വന്തമാക്കി. വെള്ളിയാഴ്ചയാണ് ഇവർ കൊടുമുടിയുടെ നെറുകയിലെത്തിയത്. സുഹാർ ഇൻറർനാഷനലിന്റെയും നാഷനൽ ബാങ്ക് ഓഫ് ഒമാന്റെയും പിന്തുണയോടെയാണ് ഇവർ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയെ പിന്തുണക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി നാഷനൽ ബാങ്ക് ഓഫ് ഒമാൻ ട്വിറ്ററിൽ അറിയിച്ചു.
നാദിറയും സൗദി അറേബ്യയിൽനിന്നുള്ള മോന ശഹാബും ലബനാനിൽനിന്നുള്ള നെല്ലി അത്താറും ജോയ്സ് അസ്സാമും ഇവരുടെ ഡോക്യുമന്ററി ചിത്രീകരിക്കുന്ന എലിയ ഷെയ്കലിയും അടങ്ങുന്ന സംഘം ഏപ്രിൽ 14നാണ് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ എത്തിയത്. ഒരു മാസത്തിന് ശേഷമാണ് ബേസ് ക്യാമ്പിൽനിന്ന് രണ്ടാമത്തെ ക്യാമ്പിലേക്കുള്ള യാത്ര നാദിറ തുടങ്ങിയത്. അവിടെനിന്ന് ഏതാണ്ട് ഏഴുദിവസം കൊണ്ട് മൂന്നും നാലും ക്യാമ്പുകളിലും ഇവർ എത്തി. തുടർന്ന് കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള യാത്ര തുടർന്ന ഇവർ വെള്ളിയാഴ്ചയാണ് നേട്ടം കൈവരിച്ചത്.