നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മമതാ ബാനർജി പിൻമാറി

5

ഡൽഹി: വ്യാഴാഴ്ച രാഷ്‌ട്രപതിഭവനിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം.

സത്യപ്രതിജ്ഞാ ചടങ്ങ് ജനാധിപത്യത്തിന്റെ ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത് അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ തരംതാഴ്ത്താനുള്ള ചടങ്ങാക്കുകയല്ല. ഇങ്ങനെയാണ് മമതയുടെ ട്വീറ്റ്. പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല.ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടതായി ബിജെപി പറയുന്നു. ഇത് പൂര്‍ണ്ണമായും അവാസ്തവമാണ്. ഈ പറയുന്ന കൊലപാതകങ്ങളൊക്കെ വ്യക്തിവൈരാഗ്യം മൂലവും കുടുംബ പ്രശ്‌നങ്ങള്‍ കാരണവും മറ്റു തര്‍ക്കങ്ങളും വഴി ഉണ്ടായതാണ്. ഒരു രാഷ്ട്രീയ ബന്ധവും ഇതിനില്ല. അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല.