സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെ ആഗോള വിപണയില്‍ എണ്ണ വില വര്‍ധിച്ചു

റിയാദ് : യു .എ.ഇ സമുദ്രാതിര്‍ത്തിയില്‍ സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെ ആഗോള വിപണയില്‍ എണ്ണ വില വര്‍ധിച്ചു. സുരക്ഷക്കായി സൗദിക്കും യുഎഇക്കും ഒപ്പം നിലകൊള്ളുമെന്ന് അറബ് ലീഗ് പറഞ്ഞു. സംഭവത്തെ അപലപിച്ച സൌദി ഭരണകൂടം അന്വേഷണത്തെ സ്വാഗതം ചെയ്തു.രണ്ട് സൗദി കപ്പലുകളാണ് യു.എ.ഇ തീരത്തിനടുത്ത് വെച്ചുള്ള ആക്രമണ ശ്രമത്തില്‍ ഇരയായത്. ആക്രമണശ്രമം സ്ഥിരീകരിച്ച വിദേശകാര്യമന്ത്രാലയം യു.എ.ഇ അന്വേഷണത്തെ സ്വാഗതം ചെയ്തു. രണ്ട് കപ്പലിനും കാര്യമായി കേടുപാടുകള്‍ സംഭവിച്ചതായി സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച അറബ് ലീഗ് സൗദിക്കും യു.എ.ഇക്കും പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ കപ്പലുകള്‍ക്ക് യു.എസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതോടെ ആഗോള വിപണയില്‍ എണ്ണവില കൂടി.