ഒമാനില്‍ സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും.

മസ്കത്ത്: ഒമാനില്‍ സീനിയര്‍ മാനേജ്മെന്റ് തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും. രാജ്യത്ത് സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മാന്‍പവര്‍ മന്ത്രാലയം വിസ നിരോധനം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

മാനേജര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ പദവികളിലുള്ള തസ്തികളിലാണ് ഇപ്പോള്‍ വിസ നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. സ്വകാര്യ മേഖലയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അഡ്‍മിനിസ്ട്രേഷന്‍ ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്സസസ് ഡയറക്ടര്‍, പേഴ്‍സണല്‍ ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍, ഫോളോഅപ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, അസിസ്റ്റന്റ് മാനേജര്‍, എല്ലാ അഡ്മിനിസ്ട്രേറ്റീവ് ക്ലറിക്കല്‍ തസ്കികള്‍ തുടങ്ങിയവയിലേക്കൊന്നും ഇനി വിദേശികളെ നിയമിക്കേണ്ടെന്നാണ് തീരുമാനം. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ല.

2019 മാര്‍ച്ചിലെ ഔദ്യോഗിക കണക്ക് പ്രകാരം ഒമാനില്‍ മാനേജര്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ 37,299 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 1.4 ശതമാനം കൂടുതലാണിത്. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇവരില്‍ എല്ലാവരുടേയും ജോലികള്‍ നഷ്ടമാവില്ലെന്നും പ്രത്യേക വിഭാഗങ്ങളിലെ മാനേജര്‍മാരെയാണ് ഒഴിവാക്കുന്നതെന്നും മാന്‍പവര്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.