ജലമൊഴുക്കിൽപെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി

5

മസ്‌കറ്റ്: വാദി ബാനി ഖാലിദിൽ വാദിയിലെ ജലമൊഴുക്കിൽപെട്ട് കാണാതായ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. അപകടത്തിൽ രക്ഷപ്പെട്ട സർദാർ ഫസൽ അഹമ്മദ് പത്താന്റെ പിതാവ് ഖാനിന്റെയും മകൾ സിദ്‌റയുടെയും മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.

മാതാവ് ഷബ്‌ന ബീഗത്തിന്റെയും ഭാര്യ അർശിയുടെയും മൃതദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ കണ്ടെത്തിയിരുന്നു. ബാക്കി രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച തിരച്ചിൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മഴ കുറഞ്ഞതിനാൽ തിരച്ചിൽ എളുപ്പമായി. ഹൈദരാബാദി കുടുംബത്തിലെ ആറുപേരാണ് ശനിയാഴ്ച ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ കാണാതായത്. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ ഒഴുക്കിൽ അകപ്പെടുകയായിരുന്നു.