പെരിയയിലെ ഇരട്ടക്കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒന്നാം പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളില്‍ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് ലാല്‍ (23) എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു