മോദിയുടെ ആദ്യ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത് അമിത്ഷാ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നരേന്ദ്രമോദി. വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്‍ മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആയിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ വാര്‍ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.